യു.പിയിൽ ബി.ജെ.പിക്ക് രജപുത്ര സമുദായത്തിന്റെ ബഹിഷ്കരണ ഭീഷണി
text_fieldsമുസഫർനഗർ: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ രജപുത്ര സമുദായത്തിന്റെ രോഷം യു.പിയിലെ മണ്ഡലങ്ങളിലേക്ക് വ്യാപിക്കുന്നു. നാളെ ആദ്യഘട്ട തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പശ്ചിമ യു.പിയിലെ മുസഫർനഗർ, കൈരാന, സഹ്റാൻപൂർ എന്നീ മണ്ഡലങ്ങളിൽ ബി.ജെ.പിയെ ബഹിഷ്കരിക്കാനാണ് ഖേഡയിൽ ചൊവ്വാഴ്ച നടന്ന ‘മഹാപഞ്ചായത്ത്’ തീരുമാനിച്ചത്.
കിസാൻ മസ്ദൂർ സംഘാതൻ ദേശീയ പ്രസിഡന്റും രജപുത്ര നേതാവുമായ താക്കൂർ പുരാൻ സിങ്ങാണ് മഹാപഞ്ചായത്ത് വിളിച്ചുചേർത്തത്. ബി.ജെ.പിയുടെ തീരുമാനങ്ങൾ പടിഞ്ഞാറൻ യു.പിയിൽ അവരുടെ തകർച്ചക്ക് കാരണമാകുമെന്ന് മഹാപഞ്ചായത്ത് അവകാശപ്പെട്ടു.
മുസഫർ നഗറിലെ ചൗബിസ രജപുത്ര സമുദായത്തിലെയും സമീപ ജില്ലകളിലെ രജപുത്ര സമുദായത്തിലെയും നിരവധി പേർ യോഗത്തിൽ പങ്കെടുത്തു. സമുദായത്തിലുള്ളവർക്ക് സീറ്റ് നൽകാതെ അപമാനിച്ച ബി.ജെ.പി നടപടിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമാണിതെന്ന് പുരാൻ സിങ് പറഞ്ഞു.
ബി.ജെ.പി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യില്ലെന്നും മറ്റ് പാർട്ടികളിലെ കരുത്തർക്കായിരിക്കും സമുദായത്തിലുള്ളവരുടെ വോട്ടെന്നും അദ്ദേഹം പറഞ്ഞു. മുസാഫർനഗറിൽ സഞ്ജീവ് ബല്യാനെയും കൈരാനയിൽ പ്രദീപ് ചൗധരിയുമാണ് ബി.ജെ.പി സ്ഥാനാർഥികൾ. ബല്യാനും ചൗധരിയും ജാട്ട് സമുദായത്തിൽനിന്നുള്ളവരും സിറ്റിങ് എം.പിമാരുമാണ്. സഹരൻപൂരിൽ രാഘവ് ലഖൻപാൽ ശർമയാണ് ബി.ജെ.പി സ്ഥാനാർഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.