ബഹളം; രാജ്യസഭയിൽ യാത്രയയപ്പ് മുടങ്ങി
text_fieldsന്യൂഡൽഹി: രാജ്യസഭയിൽ നിന്ന് വിരമിക്കുന്ന 40 അംഗങ്ങൾക്കുള്ള ഒൗപചാരിക യാത്രയയപ്പ് പാർലമെൻറിലെ ബഹളം മൂലം മുടങ്ങി. എ.െഎ.എ.ഡി.എം.കെ, ടി.ഡി.പി എം.പിമാർ നടുത്തളത്തിൽ നിന്ന് ഇരിപ്പിടത്തിലേക്ക് മടങ്ങണമെന്ന നിർദേശം ചെവിക്കൊള്ളാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡു സഭാനടപടി നിർത്തിവെക്കുകയായിരുന്നു. അധ്യക്ഷെൻറ നടപടിയിൽ അമ്പരന്ന പ്രതിപക്ഷ അംഗങ്ങൾ, അദ്ദേഹം ഇരിപ്പിടം വിട്ട ശേഷവും അര മണിക്കൂർ സഭയിൽ ഇരുന്നു. ഒരു വിഭാഗം ഭരണപക്ഷ അംഗങ്ങളും സഭയിൽ തുടർന്നു. രാജ്യസഭയുടെ ചരിത്രത്തിൽ തന്നെ, യാത്രയയപ്പ് ഇത്തരത്തിൽ മുടങ്ങിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ സഭയിൽ ഉണ്ടായിരുന്നു.
രാജ്യസഭയുടെ കരിദിനമെന്നാണ് മുൻ പ്രതിരോധ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആൻറണി വിശേഷിപ്പിച്ചത്. ആറുവർഷത്തോളം ഒരുമിച്ചിരുന്നവർക്ക് ഒൗപചാരികമായ വിടവാങ്ങൽ നൽകുന്ന ചടങ്ങാണ് പിടിവാശികൾക്കിടയിൽ അലേങ്കാലമായത്. കാവേരി മാനേജ്മെൻറ് ബോർഡ് രൂപവത്കരിക്കണമെന്ന ആവശ്യത്തിൽ ഉറപ്പുകിട്ടാതെ നടുത്തളത്തിൽ നിന്ന് ഇരിപ്പിടത്തിലേക്ക് മടങ്ങില്ലെന്ന് എ.െഎ.എ.ഡി.എം.കെ അംഗങ്ങൾ വാശിപിടിച്ചു. യാത്രയയപ്പ് മുൻനിർത്തി ഇരിപ്പിടത്തിലേക്ക് പിൻവാങ്ങി നിന്ന ടി.ഡി.പിയും ഇതോടെ നടുത്തളത്തിൽ തിരിച്ചെത്തുകയായിരുന്നു.
അംഗങ്ങൾ സഭക്കുനൽകിയ സംഭാവനകൾക്ക് നന്ദി പറയാനും അവരുടെ അനുഭവപരിചയങ്ങൾ പങ്കുവെക്കാനും അവസരമൊരുക്കണമെന്ന് സഭാധ്യക്ഷൻ ബഹളമുണ്ടാക്കുന്നവരോട് ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് സഭ ബുധനാഴ്ചത്തേക്കുപിരിയുന്നതായി അറിയിച്ച് വെങ്കയ്യ നായിഡു ഇരിപ്പിടം വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.