പ്രതിഷേധത്തിനിടെ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു; പ്രതിപക്ഷ എം.പിമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു
text_fieldsന്യൂഡൽഹി: കാർഷിക ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേത്തിനിടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഞായറാഴ്ച കാർഷിക ബിൽ പാസാക്കുന്നതിനിടെ രാജ്യസഭയിൽ പ്രതിഷേധിച്ച എം.പിമാരെ സസ്പെൻഡ് ചെയ്തതിനെ തുടർന്ന് എട്ടു എം.പിമാരും പുറത്തിറങ്ങാതെ പ്രതിഷേധിച്ചിരുന്നു.
സി.പി.എമ്മിെൻറ കേരളത്തിൽനിന്നുള്ള എം.പിമാരായ കെ.കെ. രാഗേഷ്, എളമരം കരീം, തൃണമൂൽ കോൺഗ്രസിെൻറ ഡെറിക് ഒബ്രിയാൻ, ദോല സെൻ, കോൺഗ്രസിെൻറ രാജു സതവ്, റിപുൻ ബോറ, സഈദ് നാസിർ ഹുസൈൻ, എ.എ.പിയുടെ സഞ്ജയ് സിങ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സമ്മേളന കാലയളവ് കഴിയുന്നതുവരെയാണ് സസ്പെൻഷൻ. സഭ പിരിഞ്ഞതോടെ മറ്റു പ്രതിപക്ഷ എം.പിമാർ ഉൾപ്പെടെ പാർലമെൻറിന് മുന്നിലെ ഗാന്ധി പ്രതിമക്ക് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
തിങ്കളാഴ്ച സഭ ചേർന്നയുടൻ അധ്യക്ഷൻ വെങ്കയ്യ നായിഡു എട്ട് അംഗംങ്ങളെയും സസ്പെൻഡ് ചെയ്തതായി അറിയിക്കുകയായിരുന്നു. എട്ടു എം.പിമാരും സഭയിൽനിന്ന് പുറത്തുപോകാൻ തയാറായില്ല. അച്ചടക്ക നടപടി സ്വീകരിച്ച എം.പിമാർക്ക് വിശദീകരണം നൽകാൻ പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അനുമതി നൽകാൻ അധ്യക്ഷൻ തയാറായില്ല. പാർലമെൻററി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അംഗങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചതിനെ തുടർന്നായിരുന്നു നടപടി.
ഞായറാഴ്ച ബില്ലുകൾ പാസാക്കാനായി രാജ്യസഭ ചേരുന്ന സമയം നീട്ടിയതിൽ പ്രകോപിതരായ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കുകയും ഉപാധ്യക്ഷൻ ഹരിവൻഷിന് അടുത്തെത്തി മൈക്ക് തട്ടിപ്പറിച്ച് ബിൽ കീറി എറിയുകയും ചെയ്യുകയായിരുന്നു. പിന്നീട് ബഹളത്തെ തുടർന്ന് സഭാനടപടികൾ പത്തുമിനിറ്റ് നിർത്തിവെച്ചു. പ്രതിപക്ഷ ഭേദഗതി നിർദേശങ്ങൾ ശബ്ദവോട്ടോടെ തള്ളി കാർഷിക ബില്ലുകൾ പാസാക്കുകയായിരുന്നു. തുടർന്ന് മറ്റു പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.