വെങ്കയ്യ നായിഡുവിന് രാജ്യസഭയുടെ യാത്രയയപ്പ്
text_fieldsന്യൂഡൽഹി: ഭരണകക്ഷിയെ ശത്രുവായി കാണരുതെന്നും എതിരാളിയായേ കാണാവൂ എന്നും പ്രതിപക്ഷത്തെ ഉപദേശിച്ച് ചെയർമാൻ വെങ്കയ്യ നായിഡു രാജ്യസഭയോട് വിട പറഞ്ഞു.
രാജ്യസഭയിൽ തന്റെ അവസാന ദിവസമായ തിങ്കളാഴ്ച നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ ഉപരാഷ്ട്രപതിയായി രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നായിഡു നന്ദി പറഞ്ഞു. വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസമായ തിങ്കളാഴ്ച രാജ്യസഭ വെങ്കയ്യനായിഡുവിന് യാത്രയയപ്പ് നൽകി.
രാജ്യത്തിന്റെ ഉപരാഷ്ട്രപതിയാക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞ ദിവസം കണ്ണുനിറഞ്ഞിരുന്നു. പാർട്ടി വിടേണ്ടി വരുമല്ലോ എന്നോർത്താണ് കണ്ണുനിറഞ്ഞത്. ഞാനിത് ചോദിച്ചതായിരുന്നില്ല. പാർട്ടി ചുമതല ഏൽപിച്ചു. അതനുസരിച്ച് ഞാൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു. സഭ നടത്താൻ എന്നെക്കൊണ്ട് കഴിയുന്ന തരത്തിൽ നോക്കി. എല്ലാ കക്ഷികൾക്കും ഇടവും അവസരവും നൽകി. ഉപരിസഭക്ക് കൂടുതൽ ഉത്തരവാദിത്തമുണ്ട്. ലോകം രാജ്യത്തെ നോക്കിക്കൊണ്ടിരിക്കുമ്പോൾ എം.പിമാർ മര്യാദ പുലർത്തണം. നമ്മൾ ശത്രുക്കളല്ല, എതിരാളികളാണ്. മത്സരത്തിൽ മറ്റുള്ളവരെക്കാൾ തിളങ്ങാൻ അത്യധ്വാനം ചെയ്യാം. തള്ളിവീഴ്ത്താൻ നോക്കരുതെന്നും നായിഡു വ്യക്തമാക്കി.
നായിഡുവിന്റെ ഓരോ വാക്കുകളെയും മാനിച്ചിട്ടുണ്ടെന്നും ഒരിക്കലും അതിനെതിര് പറഞ്ഞിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഏറ്റവും പ്രയാസവും സമ്മർദവുമേറിയ ഘട്ടത്തിൽ താങ്കൾ സ്വന്തം റോൾ നിർവഹിച്ചുവെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. നായിഡുവിനെ കുറിച്ച പരാതിയുണ്ടായിരുന്നുവെന്നും എന്നാൽ അത് പറയാനുള്ള സമയമല്ല ഇതെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാജ്യത്തെ ജനാധിപത്യ അന്തരീക്ഷം നിലനിർത്താൻ ബി.ജെ.പി നേതാക്കളോട് ആവശ്യപ്പെടണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനോട് പി.വി. അബ്ദുൽ വഹാബ് ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയതിനാൽ നായിഡുവിന് യാത്രയയപ്പ് നൽകി തിങ്കളാഴ്ച രാജ്യസഭയും വർഷകാല സമ്മേളനം അവസാനിപ്പിച്ച് പിരിഞ്ഞു. ഉപരാഷ്ട്രപതി എന്ന നിലയിൽ നായിഡുവിന്റെ കാലാവധി 10ന് അവസാനിക്കും. 11ന് രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻഖർ സത്യപ്രതിജ്ഞ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.