രാജ്യസഭ ഉപാധ്യക്ഷനെ ഇന്നറിയാം
text_fieldsന്യൂഡൽഹി: സർക്കാർ ന്യൂനപക്ഷമായ രാജ്യസഭയിൽ ഉപാധ്യക്ഷനുള്ള തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. കോൺഗ്രസിലെ ബി.കെ. ഹരിപ്രസാദ് പ്രതിപക്ഷ സ്ഥാനാർഥിയായി.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ബുധനാഴ്ചയാണ് കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. എൻ.സി.പി നേതാവ് വന്ദന ചവാനെ പൊതുസ്ഥാനാർഥിയാക്കാനുള്ള നീക്കം ഫലം കാണാതെ വന്നതോടെയാണ് ഹരിപ്രസാദ് സ്ഥാനാർഥിയായത്.
പ്രതിപക്ഷത്തെ ഏതെങ്കിലും കക്ഷിയുടെ സ്ഥാനാർഥിയെ പിന്തുണക്കാൻ നേരത്തെ കോൺഗ്രസ് തയാറായിരുന്നു. ഇത്തരമൊരു ചർച്ച പുരോഗമിക്കുന്നതിനിടയിൽ ബി.എസ്.പി നേതാവ് സതീഷ് ചന്ദ്ര മിശ്രയാണ് എൻ.സി.പി നേതാവായ ചവാെൻറ പേര് മുന്നോട്ടുവെച്ചത്. തൃണമൂൽ കോൺഗ്രസ് രാജ്യസഭ നേതാവ് ഡെറിക് ഒബ്റേൻ പിന്തുണക്കുകയും ചെയ്തു. കോൺഗ്രസും ചവാനെ പിന്തുണക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ, എൻ.സി.പിക്ക് താൽപര്യമില്ലെന്ന് വന്നതോടെ പ്രതിപക്ഷ കക്ഷികൾ കോൺഗ്രസിനോട് പൊതുസ്ഥാനാർഥിയെ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. 60കാരനായ ഹരിപ്രസാദ് രാജ്യസഭയിൽ കർണാടകയെയാണ് പ്രതിനിധാനംചെയ്യുന്നത്.
അതിനിടെ, പ്രതിപക്ഷ വോട്ടില്ലാതെ സ്ഥാനാർഥിയെ ജയിപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ബി.ജെ.പി ഘടകകക്ഷിയായ ജനതാദൾ-യുവിലെ ഹരിവംശ് നാരായൺ സിങ്ങിനെയാണ് എൻ.ഡി.എ സ്ഥാനാർഥിയാക്കിയത്. ഹരിവംശിനെ സമവായത്തോടെ ഉപാധ്യക്ഷനാക്കാൻ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷവുമായി ചർച്ച നടത്തിയിരുന്നുവെന്ന് കേന്ദ്ര പാർലമെൻററി കാര്യ മന്ത്രി അനന്ത് കുമാർ പറഞ്ഞു. നിലവിൽ 244 അംഗങ്ങളുള്ള രാജ്യസഭയിൽ ഉപാധ്യക്ഷനെ ജയിപ്പിക്കാൻ 123 അംഗങ്ങളുടെ പിന്തുണ വേണം.
13 എ.െഎ.എ.ഡി.എം.കെ അംഗങ്ങളുടെയും ആറ് തെലങ്കാന രാഷ്ട്രീയ സമിതി അംഗങ്ങളുടെയും പിന്തുണ പുറത്തുനിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. ഇതിനായി ബിജു ജനതാദളിെൻറ പിന്തുണ കൂടി ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. വൈ.എസ്.ആർ കോൺഗ്രസ് എൻ.ഡി.എ സ്ഥാനാർഥിക്കെതിരെ വോട്ടുചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിയുമായുള്ള ഉടക്ക് ശിവസേന ആവർത്തിക്കുകകൂടി ചെയ്താൽ എൻ.ഡി.എ സ്ഥാനാർഥിയുടെ സാധ്യത പിന്നെയും മങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.