രാജ്യസഭ തെരഞ്ഞെടുപ്പ്: ബി.ജെ.പിക്ക് നേട്ടം; യു. പിയിൽ കൂറുമാറ്റം
text_fieldsന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിൽ, രാജ്യം ഉറ്റുനോക്കിയ ഉത്തർപ്രദേശിൽ 10ൽ ഒമ്പത് സീറ്റും നേടിയ ബി.ജെ.പി സഭയിലെ ഏറ്റവുംവലിയ ഒറ്റ ക്കക്ഷി എന്ന സ്ഥാനം ഭദ്രമാക്കി. ഏപ്രിലിൽ ഒഴിവുവരുന്ന 16 സംസ്ഥാനങ്ങളിലെ 59 സീറ്റുകളിലേക്ക് നടന്ന െതരഞ്ഞെടുപ്പിൽ ഭരണകക്ഷി 28 എണ്ണവും നേടി. കോൺഗ്രസിന് 10 സീറ്റുണ്ട്. വെള്ളിയാഴ്ച വോെട്ടടുപ്പ് നടന്ന 26 സീറ്റിൽ 12ഉം ബി.ജെ.പിക്കാണ്. നേരത്തെ, 10 സംസ്ഥാനങ്ങളിൽ നിന്ന് 33 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
യു.പിയിൽ ബഹുജൻ സമാജ്വാദി പാർട്ടി (ബി.എസ്.പി)യുടെയും സമാജ്വാദി പാർട്ടി (എസ്.പി)യുടെയും ഒാരോ അംഗങ്ങൾ കൂറുമാറിയതാണ് ബി.ജെ.പി ഒമ്പതാം സ്ഥാനാർഥിയായി നിർത്തിയ വ്യവസായി അനിൽ അഗർവാളിന് തുണയായത്. സമാജ് വാദി പാർട്ടി വിട്ട നരേഷ് അഗർവാളിെൻറ മകൻ നിതിൻ അഗർവാളും ബി.എസ്.പിയിലെ അനിൽ സിങ്ങുമാണ് കൂറുമാറി വോട്ടു ചെയ്തത്. 10 സീറ്റിലേക്ക് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഉൾപ്പെടെ ഒമ്പതുപേരെയാണ് ബി.ജെ.പി മത്സരിപ്പിച്ചത്. എട്ടംഗങ്ങളെ ജയിപ്പിക്കാനുള്ള ഭൂരിപക്ഷമുണ്ടായിരുന്ന ബി.ജെ.പി അധികമായുള്ള 28 വോട്ടിെൻറ ബലത്തിൽ പ്രതിപക്ഷനിരയിൽനിന്ന് രണ്ടുപേരെ അടർത്തിയെടുക്കുകയായിരുന്നു.
എണ്ണിയ വോട്ടുകളിൽ ഇരു സ്ഥാനാർഥികളും തുല്യത പാലിച്ചതോടെ രണ്ടാം വോട്ടിെൻറ ബലത്തിലാണ് ബി.ജെ.പി ഒമ്പതാം സീറ്റ് ഉറപ്പിച്ചത്. ജയ ബച്ചനാണ് ജയിച്ച എസ്.പി സ്ഥാനാർഥി.
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നാലും തെലങ്കാനയിൽ തെലങ്കാന രാഷ്ട്രസമിതി മൂന്നും കർണാടകയിൽ കോൺഗ്രസ് മൂന്നും സീറ്റ് നേടി മികവുകാട്ടി. മഹാരാഷ്ട്രയിൽനിന്ന് കേരള ബി.ജെ.പി മുൻ പ്രസിഡൻറ് വി. മുരളീധരൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കർണാടകയിൽ കോൺഗ്രസിെൻറ ഡോ. നസീർ ഹുസൈൻ, മുൻ എം.എൽ.സി ഡോ. എൽ. ഹനുമന്തയ്യ, പി.സി.സി ജനറൽ സെക്രട്ടറി ജി.സി. ചന്ദ്രശേഖർ എന്നിവരാണ് ജയിച്ചത്. മലയാളിയായ രാജീവ് ചന്ദ്രശേഖറാണ് ജയിച്ച ബി.ജെ.പി സ്ഥാനാർഥി.
അഞ്ച് സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടന്ന ബംഗാളിൽ നാലും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നേടി. അവശേഷിച്ച സീറ്റിൽ തൃണമൂലിെൻറ പിന്തുണയോടെ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിങ്വി ജയിച്ചു. സി.പി.എമ്മിെൻറ രബിൻദേബാണ് തോറ്റത്. കൂറുമാറ്റ വോട്ടുകൾ കണ്ട ഝാർഖണ്ഡിലെ രണ്ടുസീറ്റിൽ ബി.ജെ.പിയും കോൺഗ്രസും ഒാരോ സീറ്റ് നേടി.
എന്നാൽ, ഇവിടെ രാത്രി വൈകിയും ഒൗദ്യോഗിക പ്രഖ്യാപനമായിട്ടില്ല. ഛത്തിസ്ഗഢിലെ ഒരു സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ജനറൽ സെക്രട്ടറിസരോജ് പാണ്ഡെ ജയിച്ചു. ആന്ധ്രയിൽ തെലുഗുദേശത്തിന് രണ്ടും വൈ.എസ്.ആർ കോൺഗ്രസിന് ഒരു സീറ്റും ലഭിച്ചു.
എതിരില്ലാതെ തെരഞ്ഞെടുക്കെപ്പട്ട 33 പേരിൽ 16ഉം ബി.ജെ.പി സ്ഥാനാർഥികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.