രാജ്യസഭ തെരഞ്ഞെടുപ്പ്: പത്രിക സമയം അവസാനിച്ചു; പലർക്കും എതിരില്ല
text_fieldsന്യൂഡൽഹി: രാജ്യസഭയിലെ 56 സീറ്റുകളിലെ ഒഴിവിലേക്കുള്ള തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. പല നേതാക്കളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.
ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ, മുൻ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, ബി.ജെ.പിയിലേക്ക് ചേക്കേറിയ അശോക് ചവാൻ തുടങ്ങിയവരടക്കം മത്സരിക്കുന്നുണ്ട്. യു.പിയിൽനിന്ന് പത്തും മഹാരാഷ്ട്ര, ബിഹാർ എന്നിവിടങ്ങളിൽനിന്ന് ആറ് വീതവും മധ്യപ്രദേശിൽനിന്നും പശ്ചിമ ബംഗാളിൽനിന്നും അഞ്ചും കർണാടകയിൽനിന്നും ഗുജറാത്തിൽനിന്നും നാല് വീതവും പേർ രാജ്യസഭയിലെത്തും. ആന്ധ്രപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, ഒഡിഷ (മൂന്ന് വീതം), ഉത്തരാഖണ്ഡ്, ഛത്തിസ്ഗഢ്, ഹരിയാന, ഹിമാചൽ പ്രദേശ് (ഒന്ന് വീതം) എന്നീ സംസ്ഥാനങ്ങളിലേതാണ് മറ്റ് ഒഴിവുകൾ. ഇതിൽ ഭൂരിപക്ഷം പേരും എതിരില്ലാതെ ജയിക്കും. ഈ മാസം 20 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി. 27നാണ് വോട്ടെടുപ്പും ഫലപ്രഖ്യാപനവും.
യു.പിയിൽനിന്ന് മുൻ കേന്ദ്രമന്ത്രി ആർ.പി.എൻ. സിങ്ങടക്കം എട്ടുപേരെയാണ് ബി.ജെ.പി രംഗത്തിറക്കുന്നത്. സമാജ്വാദി പാർട്ടി ജയ ബച്ചനടക്കം മൂന്ന് പേരെയാണ് ഇറക്കുന്നത്. റായ്ബറേലിയിൽനിന്നുള്ള ലോക്സഭാംഗമായ സോണിയ ഗാന്ധി രാജസ്ഥാനിൽനിന്നാണ് പത്രിക നൽകിയത്. രാജസ്ഥാനിലെ ബാക്കി രണ്ട് സീറ്റുകൾ ബി.ജെ.പിക്ക് സ്വന്തമാകും. മഹാരാഷ്ട്രയിൽനിന്നാണ് അശോക് ചവാൻ ബി.ജെ.പി ടിക്കറ്റിൽ രാജ്യസഭയിലെത്താനൊരുങ്ങുന്നത്.
എൻ.ഡി.എക്ക് നിലവിൽ രാജ്യസഭയിൽ 114 അംഗങ്ങളാണുള്ളത്. ഇതിൽ 93ഉം ബി.ജെ.പിക്കാണ്. കോൺഗ്രസിന് 30 അംഗങ്ങളുണ്ട്. ഏപ്രിൽ രണ്ടിന് 50ഉം മൂന്നിന് ആറും അംഗങ്ങൾ വിരമിക്കും. കേന്ദ്രമന്ത്രിമാരും മലയാളികളുമായ രാജീവ് ചന്ദ്രശേഖരനും വി. മുരളീധരനും വീണ്ടും അവസരം നൽകിയിട്ടില്ല. ഇരുവരും ലോക്സഭയിലേക്ക് മത്സരിക്കാനാണ് സാധ്യത.
കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാനും ഭൂപേന്ദ്ര യാദവും രാജ്യസഭ സ്ഥാനം ഒഴിഞ്ഞു. നിലവിൽ ഒഴിയുന്ന 28 ബി.ജെ.പി അംഗങ്ങളിൽ ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എൽ. മുരുഗൻ, ദേശീയ വക്താവ് സുധാൻഷു ത്രിവേദി എന്നിവർക്കാണ് വീണ്ടും അവസരം നൽകിയത്. ഹിമാചൽ പ്രദേശിൽനിന്ന് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി തെരഞ്ഞെടുക്കപ്പെടും. ബി.ജെ.പി പ്രസിഡന്റ് നഡ്ഡ ഗുജറാത്തിൽനിന്നാണ് പത്രിക സമർപ്പിച്ചത്. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ ഓഫിസ് കോഓഡിനേറ്റർ കൂടിയായ സയ്യിദ് നസീർ ഹുസൈൻ കർണാടകയിൽനിന്ന് വീണ്ടും രാജ്യസഭയിലെത്തും. തെലങ്കാനയിൽനിന്ന് മുൻ കേന്ദ്രമന്ത്രി രേണുക ചൗധരി ഇടവേളക്കുശേഷം രാജ്യസഭാംഗമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.