രാജ്യസഭ: രാജസ്ഥാനിൽ നാണംകെട്ട് ബി.ജെ.പി, കോൺഗ്രസിന് ഉജ്ജ്വല വിജയം; ബി.ജെ.പി എം.എൽ.എ കൂറുമാറി
text_fieldsന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഉയർത്തിയ കനത്ത വെല്ലുവിളി മറികടന്ന് രാജസ്ഥാനിൽ കോൺഗ്രസിന് മൂന്നുസീറ്റിൽ വിജയം. സ്വന്തം എം.എൽ.എ കൂറുമാറി കോൺഗ്രസിന് വോട്ട് ചെയ്തത് ബി.ജെ.പിക്ക് വലിയ ക്ഷീണമായി. കോൺഗ്രസിന്റെ വോട്ടുകൾ കൃത്യമായി വീഴുകയും ചെയ്തതോടെ, ബി.ജെ.പി മത്സരിപ്പിച്ച സ്വതന്ത്രൻ സീ ചാനൽ ചെയർമാൻ സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു.
കോൺഗ്രസിന്റെ രൺദീപ് സിങ് സുർജേവാല, മുകുൾ വാസ്നിക്, പ്രമോദ് തിവാരി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഒഴിവുണ്ടായിരുന്ന നാലാം സീറ്റിൽ ബി.ജെ.പിയുടെ മുൻ മന്ത്രി ഘനശ്യാം തിവാരിയും വിജയിച്ചു.
രാജസ്ഥാന് പുറമേ, കർണാടക, മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ 16 സീറ്റുകളിലേക്കാണ് മത്സരം നടന്നത്. കർണാടകയിൽ മൂന്നുസീറ്റ് ബി.ജെ.പിയും ഒരുസീറ്റ് കോൺഗ്രസും നേടി. ജെ.ഡി.എസിന് സീറ്റില്ല. കേന്ദ്ര മന്ത്രി നിർമല സീതാരാമൻ, നടൻ ജഗ്ഗേഷ്, ലെഹാർ സിങ് സെറോയ എന്നിവരാണ് ബി.ജെ.പി ടിക്കറ്റിൽ ജയിച്ചത്. കോൺഗ്രസിന്റെ ജയ്റാം രമേശും ജയിച്ചു.
ബി.ജെ.പിയും ശിവസേനയും തമ്മിൽ കടുത്ത മത്സരം നടക്കുന്ന മഹാരാഷ്ട്രയിൽ ഇരു പക്ഷവും തമ്മിലെ ആരോപണ പ്രത്യാരോപണത്തെ തുടർന്ന് വോട്ടെണ്ണൽ വൈകുകയാണ്. ആറ് സീറ്റുകളിലേക്ക് ഏഴ് പേരാണ് മത്സരിക്കുന്നത്. രണ്ട് പേരെ ജയിപ്പിക്കാൻ ശേഷിയുള്ള ബി.ജെ.പി മൂന്നാമതൊരു സ്ഥാനാർഥിയെ കൂടി രംഗത്തിറക്കിയപ്പോൾ ഒരാളെ ജയിപ്പിക്കാൻ കഴിയുന്ന ശിവസേന രണ്ട് പേരെ നിർത്തി. മൂന്നാമനെ ജയിപ്പിക്കാൻ ബി.ജെ.പിക്ക് 12 അധിക വോട്ടുകളും ശിവസേനക്ക് 11 അധിക വോട്ടുകളും വേണം. ഹരിയാനയിലും വോട്ടെണ്ണൽ വൈകുകയാണ്.
രാജസ്ഥാനിൽ കുതിരക്കച്ചവടം നടത്തി കോൺഗ്രസിന്റെ വോട്ട് സമാഹരിക്കാമെന്ന പ്രതീക്ഷയിലാണ് സീ ചാനൽ ഉടമ സുഭാഷ് ചന്ദ്രയെ ബി.ജെ.പി സ്ഥാനാർഥിയാക്കിയത്. കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്ത എം.എൽ.എ ശോഭറാണി ഖുഷ്വാഹയെ ബി.ജെ.പി പാർട്ടിയിൽ നിന്ന് സസ്‍പെൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.