കോൺഗ്രസ് എം.എൽ.എമാരെ സി.ആർ.പി.എഫ് തട്ടിക്കൊണ്ടു പോയെന്ന് ഹിമാചൽ മുഖ്യമന്ത്രി
text_fieldsഷിംല: ഹിമാചൽപ്രദേശിലെ ഏക രാജ്യസഭ സീറ്റിലേക്കുളള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് എം.എൽ.എമാരെ സി.ആർ.പി.എഫും ഹരിയാന പൊലീസും ചേർന്ന് തട്ടികൊണ്ടു പോയെന്ന ആരോപണവുമായി മുഖ്യമന്ത്രി സുഖ്‍വീന്ദർ സുകു. ആറോളം എം.എൽ.എമാരെ സി.ആർ.പി.എഫ് കൊണ്ട് പോയെന്നാണ് സുകുവിന്റെ ആരോപണം. ബി.ജെ.പി നേതാക്കൾ ക്ഷമ കാണിക്കണമെന്നും പോളിങ് ഓഫീസർമാരെ ഭീഷണിപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ടെണ്ണൽ തുടങ്ങിയത് മുതൽ പ്രതിപക്ഷ നേതാക്കൾ പോളിങ് ഓഫീസർമാരെ ഭീഷണിപ്പെടുത്തുകയാണ്. ഇത് ജനാധിപത്യത്തിന് ഒട്ടും നല്ലതല്ല. ഇതുമൂലം ദീർഘനേരത്തേക്ക് വോട്ടെണ്ണൽ നിർത്തിവെക്കേണ്ടി വന്നു. ഹിമാചലിലെ ബി.ജെ.പി നേതാക്കൾ ക്ഷമകാണിക്കണം. കോൺഗ്രസിന്റെ ആറോളം എം.എൽ.എമാരെ സി.ആർ.പി.എഫ് കൊണ്ടു പോയെന്നും അദ്ദേഹം പറഞ്ഞു.
സി.ആർ.പി.എഫ് കൊണ്ടുപോയ എം.എൽ.എമാർ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യസഭ തെരഞ്ഞെടുപ്പിൽ ഹിമാചൽപ്രദേശിലെ 68 എം.എൽ.എമാരിൽ 67 പേരും വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നു. കോൺഗ്രസ് എം.എൽ.എ സുദർശൻ സിങ് ബബ്‍ലു അസുഖം കാരണം വോട്ടെുപ്പിൽ പങ്കെടുത്തില്ല.
മനു അഭിഷേക് സിങ്‍വിയാണ് രാജ്യസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി. 68ൽ 40 എം.എൽ.എമാരുടെ പിന്തുണയോടെ ഹിമാചൽ നിയമസഭയിൽ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. മൂന്ന് സ്വതന്ത്ര എം.എൽ.എമാരുടേയും പിന്തുണ കോൺഗ്രസിനാണ്. നിയമസഭയിൽ 25 എം.എൽ.എമാരാണ് ബി.ജെ.പിക്കുള്ളത്. ഞായറാഴ്ച മനു അഭിഷേക് സിങ്‍വിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.എൽ.എമാർക്ക് വിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.