രാജ്യസഭ തെരഞ്ഞെടുപ്പ്: യു.പിയിൽ 11 പേർ; ഒരാൾ തോറ്റേ മതിയാവൂ
text_fieldsന്യൂഡൽഹി: യു.പിയിൽ ചൊവ്വാഴ്ച നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിലെ 11 സ്ഥാനാർഥികളിൽ ഒരാൾ തോൽക്കും. 10 പേർ ജയിക്കും. തോൽവി ഏറ്റുവാങ്ങുന്നത് ബി.ജെ.പി സ്ഥാനാർഥിയോ, സമാജ്വാദി പാർട്ടി സ്ഥാനാർഥിയോ? സഖ്യങ്ങൾ മാറിമറിഞ്ഞ് സങ്കീർണമായ വോട്ടെടുപ്പിന്റെ ഫലം വൈകീട്ട് പുറത്തുവരും.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് അവർക്ക് ഏഴുപേരെ ജയിപ്പിക്കാനാവും. പ്രധാന പ്രതിപക്ഷമായ സമാജ്വാദി പാർട്ടിക്ക് മൂന്നുപേരെയും ജയിപ്പിക്കാം. എന്നാൽ, ബി.ജെ.പി എട്ടു സ്ഥാനാർഥികളെ കളത്തിലിറക്കിയതോടെയാണ് വോട്ടെടുപ്പിനെ അന്തർധാരകൾ സ്വാധീനിക്കുമെന്ന സ്ഥിതിയായത്. ബി.ജെ.പിയുടെ എട്ടാമത്തെ സ്ഥാനാർഥിയാകട്ടെ, പഴയ സമാജ്വാദി പാർട്ടിക്കാരനും വ്യവസായിയുമായ സഞ്ജയ് സേഥ് ആണ്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സംഘത്തിനൊപ്പമാണ് അദ്ദേഹം പത്രിക സമർപ്പിക്കാൻ എത്തിയത്. സേഥിന്റെ വിജയത്തിന് ബി.ജെ.പി നൽകുന്ന പ്രാധാന്യം വ്യക്തം. 403 അംഗ യു.പി നിയമസഭയിൽ നിലവിലെ അംഗങ്ങൾ 399. സമാജ്വാദി പാർട്ടിയുടെ രണ്ടും സുഹൽദേവ് ഭാരതീയ സമാജ് പാർട്ടിയുടെ ഒന്നും എം.എൽ.എമാർ ജയിലിലാണ്. ജയാബച്ചനെ സമാജ്വാദി പാർട്ടി സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധമുള്ള സഖ്യകക്ഷി അപ്നാദൾ -കുമേരവാദി അംഗം പരസ്യമായ എതിർപ്പുമായി രംഗത്തുണ്ട്. ഇതൊക്കെ ഫലത്തെ സ്വാധീനിക്കാം.
നിയമസഭയിൽ ബി.ജെ.പിക്ക് അംഗബലം 252. സമാജ്വാദി പാർട്ടി -108, ആർ.എൽ.ഡി -9, കോൺഗ്രസ് -2, അപ്നാദൾ-സൊനേലാൽ -13, നിഷാദ് പാർട്ടി -6, എസ്.ബി.എസ്.പി-9, ജൻസത്ത ദൾ-ലോക്താന്ത്രിക് -2, ബി.എസ്.പി -1 എന്നിങ്ങനെയാണ് സീറ്റുനില. 36.37 ആദ്യ മുൻഗണന വോട്ടുകിട്ടുന്നവർക്ക് ജയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.