രാജ്യസഭ എം.പിമാരുടെ സസ്പെൻഷൻ, കർഷക കൊലപാതകം: ഡൽഹിയിൽ പ്രതിപക്ഷ മാർച്ച്
text_fieldsന്യൂഡൽഹി: 12 രാജ്യസഭ എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കുക, ലഖിംപുർ ഖേരി കേസിലെ പ്രതി ആശിഷ് മിശ്രയുടെ പിതാവ് കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം ചൊവ്വാഴ്ച ഡൽഹിയിൽ മാർച്ച് നടത്തി. പ്രതിപക്ഷ പാർട്ടികൾ രാവിലെ യോഗം ചേർന്നാണ് മാർച്ച് നടത്താൻ തീരുമാനിച്ചത്.
ഉച്ചക്ക് ഒന്നിന് പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയിൽനിന്നും ആരംഭിച്ച മാർച്ച് വിജയ് ചൗക്കിൽ അവസാനിച്ചു. ഞങ്ങൾ എല്ലാവരും ഒറ്റക്കെട്ടാണെന്നും കർഷകർക്കെതിരായ അക്രമണത്തിൽ പങ്കാളികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വിജയ് ചൗക്കിൽ നടത്തിയ പ്രസംഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
'അവൻ ആരുടെ മകനാണെന്ന് എല്ലാവർക്കും അറിയാം, അവരുടെ പ്രതിരോധം മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷെ, അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം' -ജൂനിയർ ആഭ്യന്തര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ പരാമർശിച്ച് രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ലഖിംപുർ ഖേരി സംഭവം ആസൂത്രിത ഗൂഢാലാചനയിലൂടെ നടന്ന കൊലപാതകമാണെന്ന് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലിനൊടുവിലാണ് രാജി ആവശ്യം പ്രതിപക്ഷം ശക്തമാക്കിയത്. മന്ത്രിയോട് രാജിവെച്ച് പോകാൻ ആവശ്യപ്പെടില്ലെന്ന് ബി.ജെ.പി വ്യക്തമാക്കിയിരുന്നു.
കൂടാതെ മിശ്രക്കെതിരെ നടപടി എടുക്കുന്നതിൽ മുതിർന്ന നേതാക്കൾ അനുകൂലമല്ലെന്നാണ് പാർട്ടിവൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരങ്ങൾ. എസ്.ഐ.ടി അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും കേസ് കോടതിയിൽ നടക്കുകയാണെന്നും ബി.ജെ.പിയുടെ മുതിർന്ന നേതാക്കളും കേന്ത്രമന്ത്രിമാരും രേഖപ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബർ മൂന്നിന് ലഖിംപൂർ ഖേരിയിൽ കേന്ത്ര മന്ത്രിയുടെ മകൻ ഓടിച്ച വാഹനമിടിച്ച് നാല് കർഷകർ കൊല്ലപ്പെട്ടിരുന്നു. തുടർന്നുണ്ടായ അക്രമണത്തിൽ പ്രകോപിതരായ കർഷകർ രണ്ട് ബി.ജെ.പി പ്രവർത്തകരെയും ഡ്രൈവറെയും മർദിച്ച് കൊലപ്പെടുത്തി. അക്രമത്തിൽ ഒരു പ്രാദേശിക മാധ്യമ പ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു.
പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിനിടെ അച്ചടക്കമില്ലാതെ പെരുമാറിയത് കാരണം 12 എം.പിമാരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതായിരുന്നു പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ മറ്റൊരു കാരണം. നടപടി ജനാധിപത്യവിരുദ്ധവും പാർലമെന്‍റ് ചട്ടങ്ങൾക്ക് എതിരാണെന്നും നേതാക്കൾ പ്രതികരിച്ചു. ഈ വിഷയത്തിൽ പലതവണ രാജ്യസഭ തടസ്സപ്പെടുകയും ചെയ്തു.
ചൊവ്വാഴ്ച രാവിലെ കോൺഗ്രസിന്‍റെ മല്ലികാർജുൻ ഖാർഗെയും ദീപീന്ദർ സിംഗ് ഹൂഡയും ലഖിംപുർ വിഷയത്തിൽ ചർച്ചക്ക് സമ്മർദ്ദം ചെലുത്തി രാജ്യസഭയിൽ നോട്ടീസ് നൽകിയിരുന്നു. കോൺഗ്രസ് എം.പി മാണിക്കം ടാക്കൂരും ഇതേ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് ലോക്സഭയിൽ നോട്ടീസ് നൽകി.
നിരപരാധികളെ കൊലപ്പെടുത്തിയ കേസിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കാൻ പ്രതിയുടെ പിതാവിനെ ഉടൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ഖാർഗെ നോട്ടീസിൽ ആവശ്യപ്പെട്ടു. അദ്ദേഹം ഈ നോട്ടീസ് ട്വീറ്റ് ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.