മുത്തലാഖ് ബിൽ: സമവായം തേടി കേന്ദ്ര സര്‍ക്കാര്‍
text_fieldsന്യൂഡൽഹി: മുത്തലാഖ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുന്നത് നാളത്തേക്ക് മാറ്റും. പാർലമെന്‍ററികാര്യ മന്ത്രി അനന്ത് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ബില്ലിൽ മാറ്റം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പ്രതിപക്ഷ കക്ഷികളുമായി ചർച്ച നടത്താനാണ് ബിൽ അവതരണം നാളത്തേക്ക് മാറ്റുന്നതെന്നാണ് സൂചന.
പാർലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന രാജ്യസഭയിലെ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളുമായി ചർച്ച പുരോഗമിക്കുകയാണ്. പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുമായി ഗുലാം നബി ആസാദ് ഫോണിൽ സംസാരിച്ചു. കോൺഗ്രസിന് സമാന നിലപാടാണ് ഉള്ളത്.
എതിർക്കാതെ കോൺഗ്രസ് വിട്ടുനിന്നാൽ ബിൽ പാസാക്കാൻ സാധിക്കുമെന്നാണ് ഭരണകക്ഷിയുടെ വിലയിരുത്തൽ. ഇതിനുള്ള ചർച്ചകൾ ബി.ജെ.പിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ബില്ലിനെ എതിർക്കുന്ന പാർട്ടികൾ സഭ ബഹിഷ്കരിച്ചാൽ ശബ്ദ വോട്ടോടെ ബിൽ പാസാക്കാൻ സാധിക്കും.
ബിൽ സെലക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടാൽ ഈ സമ്മേളന കാലയളവിൽ പരിഗണിക്കാൻ സാധിക്കില്ല. അഞ്ചാം തീയതി പാർലമെന്‍റ് സമ്മേളനം അവസാനിക്കും. രണ്ടിലധികം സെലക്ട് കമ്മിറ്റി യോഗം വിളിച്ച് ബിൽ ചർച്ച ചെയ്യേണ്ടിവരും. തുടർന്ന് ബജറ്റ് സമ്മേളനത്തിൽ മാത്രമേ ബിൽ പരിഗണിക്കാൻ സാധിക്കൂ. ഈ നീക്കത്തിലൂടെ ബിൽ മാറ്റിവെക്കാനാണ് പ്രതിപക്ഷ നീക്കം.
ഒറ്റയടിക്ക് വിവാഹമോചനം നടത്തുന്ന മുത്തലാഖ് രീതി അവലംബിക്കുന്ന ഭർത്താവിന് മൂന്നു വർഷം വരെ തടവും പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്ലിന്റെ വികാരത്തെ മാനിക്കുേമ്പാൾ തന്നെ, നിരവധി അപാകതകൾ നിറഞ്ഞതാണെന്ന കാഴ്ചപ്പാടാണ് പ്രതിപക്ഷ പാർട്ടികൾക്കുള്ളത്. മുസ്ലിം സ്ത്രീകളുടെ തുല്യാവകാശവും അഭിമാനവും പറഞ്ഞാണ് ബിൽ കൊണ്ടു വന്നതെങ്കിലും, ബി.ജെ.പിക്ക് സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നും വിവിധ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു.
രാജ്യസഭയും ബിൽ പാസാക്കിയാൽ കോടതിയെ സമീപിക്കുമെന്നാണ് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡും മറ്റും വ്യക്തമാക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.