രാജ്യസഭ സീറ്റ് 'തട്ടിയെടുത്തു'; കോൺഗ്രസിൽ അമർഷം
text_fieldsന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് വഴിമാറി കൊടുക്കേണ്ടി വരുന്നതിലുള്ള നേതാക്കളുടെ അതൃപ്തി കോൺഗ്രസിൽ മറനീക്കി പുറത്ത്. ഏറ്റവും കൂടുതൽ പ്രതിഷേധം രാജസ്ഥാനിൽനിന്ന്. നെഹ്റുകുടുംബത്തിന്റെ വിശ്വസ്തരെ തിരുകിക്കയറ്റുമ്പോൾ അതാതു സംസ്ഥാനത്തെ നേതാക്കൾ പുറന്തള്ളപ്പെടുന്നതിന്റെ രോഷം മുതിർന്ന നേതാക്കൾ വരെ പ്രകടിപ്പിച്ചു.
സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാജ്യസഭയിൽ എത്തിച്ചത് രാജസ്ഥാനിൽനിന്നാണ്. ഇത്തവണ മാധ്യമ വിഭാഗം ചുമതലക്കാരനായ ജനറൽ സെക്രട്ടറി രൺദീപ്സിങ് സുർജേവാല, ജി-23 ബന്ധം അവസാനിപ്പിച്ച ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, പ്രമോദ് തിവാരി എന്നിവർക്കും സീറ്റ് രാജസ്ഥാനിൽനിന്നുതന്നെ.
യുവനേതാവ് സചിൻ പൈലറ്റുമായുള്ള പോരിനിടയിൽ ഹൈകമാൻഡിലുള്ളവരുടെ പ്രീതിയും വിശ്വാസവും നേടാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് നടത്തുന്ന ബോധപൂർവമായ നീക്കം ഇതിനു പിന്നിലുണ്ടെന്ന് രാജസ്ഥാനിലെ ഒരു വിഭാഗം പാർട്ടി നേതാക്കൾക്ക് അഭിപ്രായമുണ്ട്. പൈലറ്റ് പക്ഷത്തെ നേതാക്കൾക്ക് രാജ്യസഭാ സീറ്റിനുള്ള അവകാശവാദം അടച്ചുകൊണ്ട് ഗെഹ് ലോട്ട് നീങ്ങുന്നു.
ഹൈകമാൻഡിനെ പിണക്കാതിരിക്കാൻ സചിൻ പൈലറ്റിന് മൗനം പാലിക്കേണ്ടി വരുന്നു. ജൂൺ 10ന് 55 രാജ്യസഭ സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 10 വരെ സീറ്റിൽ ജയിക്കാൻ അവസരമുണ്ട്. നെഹ്റുകുടുംബത്തിന്റെ വിശ്വസ്തരായി മാറിയവർക്ക് മാത്രമാണ് സീറ്റ് നൽകിയത്. കപിൽ സിബൽ പാർട്ടി വിടുകകൂടി ചെയ്തതോടെ ഒന്നുമല്ലാതായി മാറിയ ജി-23 സംഘത്തിൽ പെട്ട ഗുലാംനബി ആസാദ്, ആനന്ദ് ശർമ എന്നിവർ രാജ്യസഭ സീറ്റ് പ്രതീക്ഷിച്ചിരുന്നു.
നെഹറുകുടുംബത്തിന്റെ വിശ്വസ്തനും ഡൽഹിക്കാരനുമായ അജയ് മാക്കന് ഹരിയാനയിൽ സീറ്റ് നൽകി. തമിഴ്നാട്ടിൽ സ്വന്തം ലോക്സഭ സീറ്റ് മകൻ കാർത്തി ചിദംബരത്തിന് ഉറപ്പിച്ചു കൊടുത്ത പി. ചിദംബരം വീണ്ടും രാജ്യസഭ സീറ്റ് ഉറപ്പിച്ചു. ജയ്റാം രമേശ് കർണാടകത്തിൽനിന്ന് വീണ്ടും രാജ്യസഭയിൽ എത്തും. പാർട്ടി ഭരിക്കുന്ന രണ്ടാമത്തെ സംസ്ഥാനത്തു നിന്നാണ് രാജീവ് ശുക്ല, രഞ്ജീത് രഞ്ജൻ എന്നിവരെ രാജ്യസഭയിൽ എത്തിക്കുന്നത്.
സീറ്റ് പ്രതീക്ഷിച്ച കോൺഗ്രസ് വക്താവ് പവൻഖേര വാക്കുകളിൽ വിമർശനം ഒളിപ്പിച്ചാണ് സംസാരിച്ചത്. താൻ നോമ്പു നോറ്റതിൽ എന്തെങ്കിലും പോരായ്മ കാണുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജസ്ഥാനിൽ 'വരത്തന്മാർക്ക്' സീറ്റ് കൊടുത്തതിൽ സന്യം ലോധ എം.എൽ.എ പ്രതിഷേധിച്ചു. മൂന്നു പേരെ രാജ്യസഭയിലേക്ക് ഇത്തവണ രാജസ്ഥാനിൽനിന്ന് നോമിനേറ്റ് ചെയ്തതിൽ ഒരാൾ പോലും രാജസ്ഥാൻകാരനല്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, തീരുമാനം പാർട്ടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.