ബില്ലുകൾ പാസാക്കുന്നതിൽ റെക്കോഡിട്ട് രാജ്യസഭ പിരിഞ്ഞു
text_fieldsന്യൂഡൽഹി: 35 ദിവസം കൊണ്ട് 32 ബില്ലുകൾ പാസാക്കിയ റെക്കോഡുമായി രാജ്യസഭയുടെ 249ാമത് സമ്മേളനം അവസാനിച്ചു. സമ്മേളനത്തിെൻറ അവസാന ദിവസം സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 30ൽനിന്ന് 33 ആയി വർധിപ്പിക്കാനുള്ള ബിൽ ചർച്ചകൂടാതെ രാജ്യസഭ പാസാക്കി. അതേസമയം, ജാലിയൻവാലാ ബാഗ് ബിൽ അടുത്ത സമ്മേളനത്തിലേക്ക് മാറ്റിവെച്ച ഉപരിസഭ ജമ്മു-കശ്മീർ സംവരണ ബിൽ പിൻവലിക്കുകയും ചെയ്തു. ജാലിയൻവാലാ ബാഗ് സ്മാരകത്തിെൻറ ട്രസ്റ്റിമാരിൽനിന്ന് കോൺഗ്രസ് അധ്യക്ഷനെ നീക്കം ചെയ്യാനുള്ള ബിൽ രാജ്യസഭ അവസാനദിവസം മാറ്റിവെച്ചു. കോൺഗ്രസ് അധ്യക്ഷന് പകരം ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ ലോക്സഭയിലെ നേതാവിനെ ട്രസ്റ്റിയാക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ എന്ന് കേന്ദ്ര പാർലെമൻററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
രാജ്യത്തിെൻറ സ്വാതന്ത്ര്യ സമരത്തിൽ കോൺഗ്രസിെൻറ പങ്ക് സർക്കാർ അംഗീകരിക്കണമെന്നും കുറച്ച് വിശാലത സർക്കാർ കാണിക്കണമെന്നും കോൺഗ്രസ് നേതാവ് ആനന്ദ് ശർമ പറഞ്ഞു. തുടർന്ന്, ചർച്ച ആവശ്യമെങ്കിൽ ബിൽ അടുത്ത സമ്മേളനത്തിലേക്ക് മാറ്റണമെന്ന് ചെയർമാൻ ആവശ്യെപ്പടുകയായിരുന്നു. കോൺഗ്രസിെൻറ ഇറങ്ങിപ്പോക്കിനിടെ ആഗസ്റ്റ് രണ്ടിന് ലോക്സഭ ബിൽ പാസാക്കിയിരുന്നു.
ജമ്മു-കശ്മീർ വിഭജിക്കാനുള്ള ബില്ലിെൻറ കൂടെ പാസാക്കിയ ജമ്മു-കശ്മീർ സംവരണ ബിൽ സർക്കാർ പിൻവലിച്ചു. സംസ്ഥാനത്തിെൻറ പ്രത്യേക അവകാശങ്ങൾ റദ്ദാക്കി, മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളെപോലെ ജമ്മു-കശ്മീരിനെയുമാക്കിയ സാഹചര്യത്തിലാണ് ബിൽ ആവശ്യമില്ലെന്ന് കണ്ട് പിൻവലിച്ചത്.
17 വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ ബില്ലുകൾ പാസാക്കിയ സമ്മേളനമായിരുന്നു ഇതെന്ന് ചെയർമാൻ വെങ്കയ്യ നായിഡു രാജ്യസഭയെ അറിയിച്ചു. പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചതിനാൽ രണ്ടര ദിവസം ഒന്നും നടന്നില്ലെന്നും നായിഡു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.