വിരമിക്കാൻ മൂന്നു ദിവസം നിൽക്കെ ഡൽഹി പൊലീസ് മേധാവിയാക്കി; അസ്താനയുടെ നിയമനത്തിനെതിരെ കേസ്
text_fieldsന്യൂഡൽഹി: പൊലീസ് മേധാവിയാക്കാൻ ആറു മാസത്തെ സർവീസ് കാലയളവ് ബാക്കിയുണ്ടാകണമെന്ന കോടതി ഉത്തരവ് നിലനിൽക്കെ വിരമിക്കാൻ മൂന്നു ദിവസം മാത്രമുള്ള രാകേഷ് അസ്താനയെ ഡൽഹി പൊലീസ് മേധാവിയാക്കിയ കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് കേസ്. ഒരു വർഷം സർവീസ് നീട്ടിക്കൊടുത്ത് മുൻ സി.ബി.ഐ ഉദ്യോഗസ്ഥനായ അസ്താനക്ക് സ്ഥാനക്കയറ്റം നൽകിയതിനെതിരെ ഡൽഹി ഹൈക്കോടതിയിലാണ് കേസ്. സുപ്രീം കോടതി വെച്ച മാനദണ്ഡം ലംഘിച്ചുവെന്നാണ് പരാതി.
ജൂലൈ 27നാണ് അസ്താനയെ ഡൽഹി പൊലീസ് മേധാവിയാക്കിയത്. 'പൊതുജന താൽപര്യം' മുൻനിർത്തി ഒരു വർഷം സർവീസ് നീട്ടിനൽകുകയും ചെയ്തു. സി.ബി.ഐ മേധാവിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റീസ് എൻ.വി രമണ ഉദ്ധരിച്ച കോടതി വിധിയുടെ ലംഘനമാണിതെന്ന് വിമർശകർ പറയുന്നു. സി.ബി.ഐ മേധാവി സ്ഥാനത്തും നേരത്തെ അസ്താനയെ പരിഗണിച്ചിരുന്നുവെങ്കിലും ചീഫ് ജസ്റ്റീസ് രമണ ഇതേ വിഷയം ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. പൊലീസ് മേധാവി പദവികളിൽ ചുരുങ്ങിയത് ആറു മാസ സർവീസ് ബാക്കിയുള്ളവരെ മാത്രമേ പരിഗണിക്കാവൂ എന്നാണ് നിർദേശം. പ്രധാനമന്തി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരങ്ങിയ മന്ത്രിസഭ അപ്പോയിന്റ്മെൻറ്സ് സമിതിയാണ് അസ്താനയെ നിയമിച്ചത്.
നിയമനത്തിനെതിരെ ദിവസങ്ങൾ കഴിഞ്ഞ് ഡൽഹി നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തു. 'സുപ്രീം കോടതി ഉത്തരവിനെതിരാണ് രാകേഷ് അസ്താനയുടെ നിയമനമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. നേരത്തെ സി.ബി.ഐ മേധാവി സ്ഥാനത്തിന് അർഹനല്ലാത്തതിന് സമാനമായി ഇതേ പദവിക്കും അർഹനല്ലെന്നും കോടതി ഉത്തരവുകൾ പാലിക്കാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.