രാജ്യവ്യാപക സമരത്തിന് മടിക്കില്ല -കർഷക സംഘടനകൾ
text_fieldsന്യൂഡൽഹി: നീതി ലഭിക്കാൻ ആവശ്യമെങ്കിൽ ശക്തമായ രാജ്യവ്യാപക സമരത്തിന് മടിക്കില്ലെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത്ത്. സംയുക്ത കിസാൻ മോർച്ചയുടെ ബാനറിൽ വിവിധ കർഷക സംഘടനകൾ ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ നടത്തുന്ന 75 മണിക്കൂർ ധർണയിൽ രണ്ടാം ദിവസം സംസാരിക്കുകയായിരുന്നു ടികായത്ത്.
കേന്ദ്ര മന്ത്രി അജയ്കുമാർ മിശ്രയെ പുറത്താക്കുക, ഒരു വർഷം നീണ്ട കർഷക സമരത്തിൽ കർഷകർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുക, ഉൽപന്നങ്ങൾക്ക് മിനിമം താങ്ങുവില നിയമം മൂലം ഉറപ്പുവരുത്തുക, 2022ലെ വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക, കഴിഞ്ഞ വർഷം ഒക്ടോബറിൽ ലഖിംപുർ ഖേരിയിലുണ്ടായ അക്രമത്തിലെ ഇരകൾക്ക് നീതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽനിന്നുള്ള കർഷകർ 75 മണിക്കൂർ സമരത്തിനായി ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിലെ രാജാപർ മണ്ഡി സമിതിയിലെത്തിയിട്ടുണ്ട്. സമരസ്ഥലത്ത് കനത്ത സുരക്ഷ സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
എസ്.കെ.എം കോർ കമ്മിറ്റിയംഗം ദർശൻ സിങ് പാൽ, സ്വരാജ് ഇന്ത്യ നാഷനൽ കൺവീനർ യോഗേന്ദ്ര യാദവ്, സാമൂഹിക പ്രവർത്തക മേധ പട്കർ, വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കർഷക നേതാക്കൾ എന്നിവർ ധർണയെ അഭിസംബോധന ചെയ്തു. കർഷകർ ഒരുമിച്ചു നിൽക്കണമെന്നും ദുർബലരായാൽ സർക്കാർ അവകാശങ്ങൾ കൈയടക്കുമെന്നും ടികായത്ത് പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് കർഷകർ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ലഖിംപുർ ഖേരിയിലുണ്ടായ അക്രമത്തിൽ നാലു കർഷകരും ഒരു മാധ്യമപ്രവർത്തകനും ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര സഞ്ചരിച്ച കാർ കർഷകരുടെ മേൽ ഇടിച്ചു കയറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.