ലോറൻസ് ബിഷ്‌ണോയിയോട് മാപ്പ് പറയാൻ സൽമാൻ ഖാനോട് രാകേഷ് ടികായത്
text_fieldsന്യൂഡൽഹി: മുംബൈയിൽ ലോറൻസ് ബിഷ്‌ണോയ് സംഘം എൻ.സി.പി നേതാവ് ബാബ സിദ്ദീഖിനെ കൊലപ്പെടുത്തിയതിനു പിന്നാലെ ബിഷ്‌ണോയ് സമൂഹത്തോട് മാപ്പ് പറയാൻ ബോളിവുഡ് താരം സൽമാൻ ഖാനോട് കർഷക സമര നേതാവ് രാകേഷ് ടികായത് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. 1998ൽ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ നടൻ ഉൾപ്പെട്ടതിനുശേഷം സൽമാനും ലോറൻസ് ബിഷ്‌ണോയിയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ബിഷ്‌ണോയി സമുദായം വിശുദ്ധമായി കണക്കാക്കപ്പെടുന്ന കൃഷ്ണ മൃഗത്തെ കൊന്നതിന് പകരമായി സൽമാന്റെ ജീവിതം അവസാനിപ്പിക്കുമെന്ന് ഗുണ്ടാസംഘം പ്രതിജ്ഞയെടുത്തിരുന്നു.
ഒരു സമുദായവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സൽമാൻ മാപ്പ് പറയണമെന്ന് ടികായത്ത് ശനിയാഴ്ച പറഞ്ഞു. ലോറൻസ് ബിഷ്‌ണോയ് ഒരു ‘ബദ്മാഷ് ആദ്മി’ ആണെന്നും ടികായത് പറഞ്ഞു.ഒക്‌ടോബർ 12ന് നടന്ന ബാബ സിദ്ദീഖിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ബിഷ്‌ണോയ് സംഘം ഏറ്റെടുക്കുകയും നടന് പുതിയ ഭീഷണി സന്ദേശം അയക്കുകയും ചെയ്തതോടെ സൽമാനുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ‘സിക്കന്ദറി’ന്‍റെയും ‘ബിഗ് ബോസ് 18’ന്‍റെയും ഷൂട്ടിങ് നടക്കുമ്പോഴും സുരക്ഷാസംഘത്തോടൊപ്പം ഉണ്ടായിരിക്കാൻ അദ്ദേഹത്തിന് നിർദേശം നൽകിയിട്ടുണ്ട്.
കൃഷ്ണമൃഗത്തെ വേട്ടയാടിയ സമയത്ത് നടൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് സൽമാന്റെ പിതാവും മുതിർന്ന തിരക്കഥാകൃത്തുമായ സലിം ഖാൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. സൽമാൻ ഒരു പാറ്റയെ പോലും കൊല്ലില്ല. അവൻ മൃഗങ്ങളെ സ്നേഹിക്കുന്നു. ഒരിക്കലും അവയെ ഉപദ്രവിക്കാൻ കഴിയില്ല. അവൻ എന്നോട് കള്ളം പറയില്ല. പ്രശസ്തിക്കും പണത്തിനും വേണ്ടിയാണ് സൽമാനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും സലിം ഖാൻ അവകാശപ്പെട്ടു.
എന്നാൽ, അദ്ദേഹത്തിന്റെ പ്രസ്താവനയെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് വിശേഷിപ്പിച്ച ബിഷ്‌ണോയ് സമുദായാംഗങ്ങൾ ശനിയാഴ്ച ജോധ്പൂരിൽ പ്രതിഷേധിക്കുകയും സൽമാന്റെയും സലീമിന്റെയും കോലം കത്തിക്കുകയും ചെയ്തു. ‘ഞങ്ങൾ ബിഷ്‌ണോയികളാണ്. ഞങ്ങൾ ആരെയും അപകീർത്തിപ്പെടുത്തുകയില്ല. 26 വർഷം മുമ്പ് കേസ് രജിസ്റ്റർ ചെയ്തപ്പോൾ ബിഷ്‌ണോയ് സമുദായത്തിലെ അന്നത്തെ എം.എൽ.എ ഉൾപ്പെടെ നിരവധി പ്രമുഖർ ഒപ്പമുണ്ടായിരുന്നു. തെറ്റായ പ്രസ്താവനകൾ നൽകി ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ സലിം ഖാന് കഴിയില്ല. സലിം ഖാന്റെ പ്രസ്താവന സമുദായത്തെ മുഴുവൻ വേദനിപ്പിച്ചുവെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.