കേന്ദ്ര സർക്കാർ കർഷകരെ വഞ്ചിച്ചെന്ന് രാകേഷ് ടികായത്; നാളെ രാജ്യവ്യാപകമായി വഞ്ചനാദിനാചരണം
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കർഷക സമരത്തിന്‍റെ മുന്നണിപ്പോരാളികളിലൊരാളും ഭാരതീയ കിസാൻ യൂണിയൻ നേതാവുമായ രാകേഷ് ടികായത്. സമരം ചെയ്ത കർഷകരെ കേന്ദ്രം വഞ്ചിച്ചെന്നാരോപിച്ച രാകേഷ് ടികായത്, തിങ്കളാഴ്ച രാജ്യവ്യാപകമായി വഞ്ചനാദിനം ആചരിക്കാൻ ആഹ്വാനം ചെയ്തു.
രാജ്യതലസ്ഥാനത്ത് ഒരു വർഷത്തിലേറെ നീണ്ട സമരം കർഷകർ പിൻവലിച്ചത് കേന്ദ്രം നൽകിയ ഉറപ്പിനെ തുടർന്നാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വാഗ്ദാനങ്ങൾ പാലിക്കാതെ കേന്ദ്രം കർഷകരെ വഞ്ചിക്കുകയാണ്. ഡിസംബർ ഒമ്പതിന് കേന്ദ്രം നൽകിയ കത്തിനെ തുടർന്നാണ് ഡൽഹി അതിർത്തികളിൽ നിന്ന് കർഷകർ സമരം പിൻവലിച്ചത്. എന്നാൽ, വാഗ്ദാനങ്ങൾ പാലിക്കാൻ സർക്കാർ തയാറായിട്ടില്ല -അദ്ദേഹം ചൂണ്ടിക്കാട്ടി.
2020 നവംബറിലാണ് കർഷക വിരുദ്ധമായ മൂന്ന് കാർഷിക ബില്ലുകൾക്കെതിരെ ഡൽഹി അതിർത്തികളിൽ സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭം ആരംഭിച്ചത്. സിംഘു, തിക്രി, ഗാസിപൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഒരു വർഷത്തിലേറെ സമരം തുടർന്നു. ഇതോടെ കേന്ദ്രത്തിന് കാർഷിക ബില്ലുകൾ പിൻവലിക്കേണ്ടി വന്നിരുന്നു. ഇതോടൊപ്പം പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കർഷകർ വീണ്ടും പ്രതിഷേധത്തിനൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.