'റകീബുൽ ഹുസൈൻ പത്തുലക്ഷത്തിലേറെ വോട്ടുകൾക്ക് ജയിച്ചത് അപകടകരം'; വീണ്ടും വിഷം ചീറ്റി ഹിമന്ത
text_fieldsഗുവാഹതി: തെരഞ്ഞെടുപ്പ് പ്രചാരണത്തെ വിദ്വേഷ പ്രസംഗങ്ങളാൽ നിറച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഫലപ്രഖ്യാപന ശേഷവും ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ വിഷം ചീറ്റൽ തുടരുന്നു.
സംസ്ഥാനത്തെ ധുബ്രി ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസിലെ റകീബുൽ ഹുസൈൻ പത്തുലക്ഷത്തിലേറെ വോട്ടുകൾക്ക് ജയിച്ചതിനെ അപകടരമായ പ്രവണതയെന്ന് വിശേഷിപ്പിച്ച ശർമ മേഘാലയ, നാഗാലൻഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ ഒരു പ്രത്യേക സമുദായം എൻ.ഡി.എക്കെതിരെ തിരിഞ്ഞതായും ആരോപിച്ചു. ‘സാധാരണ ഗതിയിൽ രാഷ്ട്രീയത്തിൽ ഇടപെടാത്ത ആ സമുദായം ഇക്കുറി അസമിലും എൻ.ഡി.എക്കെതിരെ പ്രവർത്തിച്ചു, ഇത് രാഷ്ട്രീയ തോൽവിയല്ല’.
അസമിൽ മുസ്ലിംകൾ കൂടുതലുള്ള മണ്ഡലങ്ങൾ കോൺഗ്രസിനെ തുണച്ചത് സാമൂഹിക ഘടനയുടെ അടിത്തറ വളരെ ദുർബലമാണെന്ന് തെളിയിച്ചുവെന്ന് നാഗോൺ, ധുബ്രി മണ്ഡലങ്ങളിലെ തോൽവിയെക്കുറിച്ച് ശർമ പ്രതികരിച്ചു.
ഇത് നമ്മുടെ സമൂഹത്തിനും ദേശീയ ജീവിതത്തിനും അപകടമാകുമെന്നും പറഞ്ഞ അദ്ദേഹം ഏതെങ്കിലും വിധത്തിലെ ചെറുത്തുനിൽപുണ്ടായില്ലെങ്കിൽ അസമിന്റെ അവസ്ഥ വിനാശകരമാകുമെന്നും കൂട്ടിച്ചേർത്തു. അതേസമയം മറ്റൊരു കോൺഗ്രസ് പ്രതിനിധിയായ ഗൗരവ് ഗോഗോയിയുടെ വിജയത്തിൽ ഒട്ടും വർഗീയതയില്ലെന്നും അദ്ദേഹം നമ്മുടെ ആളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അസമിലെ 14 സീറ്റുകളിൽ ഒമ്പതെണ്ണത്തിൽ ബി.ജെ.പിയും സഖ്യകക്ഷികളായ എ.ജി.പി, യു.പി.പി.എൽ എന്നിവ ഓരോ സീറ്റിലും ജയം കണ്ടപ്പോൾ ബാക്കി മൂന്നിടങ്ങളിൽ കോൺഗ്രസാണ് വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.