നടി രാകുൽ പ്രീതിന്റെ സഹോദരൻ മയക്കുമരുന്നുമായി പിടിയിൽ
text_fieldsഹൈദരാബാദ്: ബോളിവുഡ് നടി രാകുൽ പ്രീത് സിങ്ങിന്റെ സഹോദരൻ അമൻ പ്രീത് സിങ്ങിനെ മയക്കുമരുന്ന് കേസിൽ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു.
കൊക്കൈൻ ഉപയോഗിച്ചതിനും കൈവശം വെച്ചതിനും നാലു സുഹൃത്തുക്കൾക്കൊപ്പമാണ് അമൻ പിടിയിലായത്. ഇവരിൽനിന്ന് 35 ലക്ഷം വിലവരുന്ന 199 ഗ്രാം കൊക്കൈൻ പിടിച്ചെടുത്തു. നർസിംഗിയിലെ ഫ്ലാറ്റിൽ തെലങ്കാന മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡ് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. അനികേത് റെഡ്ഡി, പ്രസാദ്, മധുസൂധനൻ, നിഖിൽ ദമാൻ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
രണ്ട് പാസ്പോർട്ട്, രണ്ടു ബൈക്കുകൾ, 10 മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു. നഗരത്തിലെ പ്രമുഖരെ ലക്ഷ്യമിട്ട് കൊക്കൈൻ വിൽപന നടത്തുന്ന രണ്ടു നൈജീരിയൻ സ്വദേശികൾ ഉൾപ്പെടെ അഞ്ചുപേരെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് വാങ്ങിയിരുന്ന അമനെയും സുഹൃത്തുക്കളെയും പിടികൂടിയത്.
വൈദ്യ പരിശോധനയിൽ ഇവരും മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. കൂടുതൽ അന്വേഷണത്തിനായി അഞ്ചുപേരെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഘത്തിൽനിന്ന് മയക്കുമരുന്ന് വാങ്ങാനിരുന്ന മറ്റു എട്ടു പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. 2021ൽ രാകുൽ പ്രീതിനെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചിരുന്നു. കേസിൽ കഴിഞ്ഞവർഷമാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.