മുസ്ലിം സ്ത്രീകളെ തട്ടിയെടുക്കാൻ ആഹ്വാനം ചെയ്ത രാം ഭക്ത് റിമാൻഡിൽ
text_fieldsന്യൂഡൽഹി: പൗരത്വ സമരത്തിൽ പങ്കെടുത്ത ജാമിഅ വിദ്യാർഥികൾക്കുനേരെ വെടിയുതിർത്ത് കുപ്രസിദ്ധനായ രാംഭക്ത് ഗോപാൽ, പ്രണയം നടിച്ചോ മറ്റേതെങ്കിലും തരത്തിലോ മുസ്ലിം വനിതകളെ തട്ടിയെടുക്കാനും മുസ്ലിംകളെ കൊല്ലാനും ആഹ്വാനംചെയ്തു. ജൂലൈ നാലിന് ഗുരുഗ്രാമിനടുത്ത് പട്ടൗഡിയിൽ വിളിച്ചുചേർത്ത മഹാപഞ്ചായത്തിലാണ് രാം ഭക്തിെൻറ വിദ്വേഷപ്രസംഗവും ആക്രമണ ആഹ്വാനവും. കൗമാരക്കാരനാണെന്ന ഇളവിൽ അന്ന് വെടിവെപ്പ് കേസിൽനിന്ന് രക്ഷപ്പെട്ട പ്രതിയെ പ്രതിഷേധത്തിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു.
'സുള്ളി ഡീൽ' എന്ന പേരിൽ മുസ്ലിം വനിത ആക്ടിവിസ്റ്റുകളെ സമൂഹമാധ്യമങ്ങളിൽ അവഹേളിച്ച വിവാദത്തിനിടയിലാണ് സംഭവം. നമ്മള്‍ വിചാരിച്ചാല്‍ ഒരു സല്‍മയെ തട്ടിയെടുക്കാനാകില്ലേ എന്ന് 'രണ്ടാം ഗോദ്സെ' എന്നറിയപ്പെടുന്ന രാം ഭക്ത് മഹാപഞ്ചായത്തിലെ ആൾക്കൂട്ടത്തോട് വിളിച്ചുചോദിച്ചു. അഹിംസ എന്നത് മതത്തിന്‍റെ ഭാഗമായിരിക്കും. എന്നാല്‍, അക്രമവും മതത്തിന് അനിവാര്യംതന്നെയാണ്. പ്രതികാരം എന്നത് ഏറ്റവും പരിശുദ്ധമായ വികാരമാണ്. അത് മതവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണെങ്കില്‍ പിന്നൊന്നുംതന്നെ ആലോചിക്കാനില്ല, പ്രവര്‍ത്തിക്കുക മാത്രം ചെയ്താല്‍ മതി. പ്രസംഗം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച് ദിവസങ്ങൾക്കുശേഷമാണ് ഗുരുഗ്രാം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ വർഷം ജനുവരി 30ന് നൂറുകണക്കിന് പൊലീസുകാര്‍ നോക്കിനിൽക്കെയാണ് ജാമിഅ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചിനുനേരെ ഇയാൾ വെടിയുതിർത്തത്. സംഭവത്തിൽ കശ്മീരി സ്വദേശിയായ വിദ്യാർഥിക്ക് പരിക്കേറ്റിരുന്നു. എന്നാൽ, ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും വിശദ വിവരങ്ങള്‍ ലഭ്യമല്ലെന്നുമായിരുന്നു പൊലീസ് വാദം. തുടർന്ന് സംഭവം വിവാദമായതോടെ അറസ്റ്റ് ചെയ്ത് ജുവൈനൽ ഹോമിലേക്ക് അയച്ചെങ്കിലും മാസങ്ങൾക്കകം പുറത്തിറങ്ങി. ഇപ്പോഴത്തെ അറസ്റ്റിൽ കോടതിയിൽ ഹാജരാക്കിയ രാം ഭക്തിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.