വീടുകളിൽ രാംജ്യോതി തെളിയിച്ചാൽ ജീവിതത്തിൽനിന്ന് പട്ടിണി മാറ്റാനുള്ള പ്രചോദനമാകുമെന്ന് നരേന്ദ്ര മോദി
text_fieldsന്യൂഡൽഹി: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടക്കുന്ന ജനുവരി 22ന് വീടുകളിൽ രാംജ്യോതി തെളിയിക്കുന്നത് ആളുകൾക്ക് പട്ടിണി മാറ്റാനുള്ള പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ സോളാപൂരിൽ സംസാരിക്കുമ്പോഴാണ് മോദിയുടെ പരാമർശം. ജനുവരി 22ന് ശ്രീരാമൻ തന്റെ മഹത്തായ ക്ഷേത്രത്തിൽ വസിക്കാൻ പോകുന്നതിനാൽ അന്തരീക്ഷം ഭക്തിയാൽ നിറഞ്ഞിരിക്കുകയാണെന്നും മോദി പറഞ്ഞു.
കഴിഞ്ഞ 10 വർഷം കൊണ്ട് 30 ലക്ഷം കോടി രൂപ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ തന്റെ സർക്കാറിന് നിക്ഷേപിക്കാൻ കഴിഞ്ഞു. ദാരിദ്ര്യം ഇല്ലാതാക്കുകയെന്ന മുദ്രാവാക്യം വർഷങ്ങൾക്ക് മുമ്പ് തന്നെ രാജ്യത്ത് മുഴങ്ങിയെങ്കിലും ഇതുവരെ പൂർണമായും അത് യാഥാർഥ്യമാക്കാൻ സാധിച്ചിട്ടില്ലെന്നും മോദി പറഞ്ഞു.കഴിഞ്ഞ 10 വർഷമായി ദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള പദ്ധതികളാണ് സർക്കാർ നടപ്പിലാക്കി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരി 22നാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിഷ്ഠാചടങ്ങുകൾക്ക് നേതൃത്വം നൽകി. പ്രതിപക്ഷ പാർട്ടികൾ പ്രതിഷ്ഠാചടങ്ങുകളിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം, രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങുകൾ റെയിൽവേ സ്റ്റേഷനുകളിൽ ലൈവ് സ്ട്രീം ചെയ്യുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സ്ക്രീനുകൾ ലഭ്യമായ സ്റ്റേഷനുകളിൽ ഉൾപ്പടെ 9,000 സ്ഥലങ്ങളിൽ റെയിൽവേ ചടങ്ങ് ലൈവ് സ്ട്രീം ചെയ്യും.
ഇന്ത്യൻ റെയിൽവേക്ക് പുറമേ ഡി.ഡി ന്യൂസ്, ഡി.ഡി നാഷണൽ ചാനലുകളിലും ചടങ്ങിന്റെ തത്സമയ സംപ്രേഷണമുണ്ടാവും. ലൈവ് ടെലികാസ്റ്റിനുള്ള ഒരുക്കങ്ങൾ അയോധ്യയിൽ പൂർത്തിയായിട്ടുണ്ട്. ഇതിനായി രാം കഥ സംഗ്രഹാലയയിൽ മീഡിയ സെന്റർ സജ്ജമാക്കിയിട്ടുണ്ട്. ചടങ്ങുകൾ തത്സമയം പ്രദർശിപ്പിക്കാൻ എൽ.ഇ.ഡി ടി.വികളും അയോധ്യയിൽ സജ്ജീകരിക്കുന്നുണ്ട്.
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങുകൾ ഇന്ത്യൻ എംബസികളിലും കോൺസുലേറ്റുകളിലും തത്സമയം പ്രദർശിപ്പിക്കും. ന്യുയോർക്കിലെ ടൈംസ് സ്വകയറിൽ ചടങ്ങുകൾ കാണിക്കുമെന്ന റിപ്പോർട്ട് ഇന്ത്യ ടുഡേ പുറത്ത് വിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.