രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ് വീട്ടിലിരുന്ന് കണ്ടാൽ മതിയെന്നായിരുന്നു എൽ.കെ. അദ്വാനിക്ക് ലഭിച്ച നിർദേശം -ജഗദീഷ് ഷെട്ടാർ
text_fieldsബംഗളൂരു: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ വീട്ടിലിരുന്ന് കണ്ടാൽ മതിയെന്ന് മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിക്ക് ട്രസ്റ്റ് ഭാരവാഹികൾ നിർദേശം നൽകിയിരുന്നതായി കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ. ഷെട്ടാർ സമീപകാലത്ത് ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയിരുന്നു.
രാമക്ഷേത്രത്തിനായുള്ള അദ്വാനിയുടെ സംഭാവന വിലമതിക്കാനാവാത്തതാണ്. രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കാത്തത് മാധ്യമങ്ങൾ വാർത്തയാക്കിയതിനു പിന്നാലെയാണ് അദ്ദേഹത്തിന് രാമക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ ക്ഷണക്കത്ത് അയച്ചത്. പ്രായം പരിഗണിച്ച് ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ വീട്ടിലിരുന്ന് കണ്ടാൽ മതി എന്നായിരുന്നു നേരത്തേ ട്രസ്റ്റ് അംഗങ്ങൾ അദ്ദേഹത്തോട് പറഞ്ഞത്.-ജഗദീഷ് ഷെട്ടാർ പറഞ്ഞു.
ഇത് അദ്ദേഹത്തെ ക്ഷണിക്കുന്നതും ക്ഷണിക്കാത്തതും പോലെയാണ്. അദ്വാനിയെ ക്ഷണിക്കുകയും ചടങ്ങിൽ പങ്കെടുക്കരുതെന്ന് പരോക്ഷമായി ആവശ്യപ്പെടുകയും ചെയ്താൽ എന്താണ് ഇതുകൊണ്ട് അർഥമാക്കുന്നതെന്നും ഷെട്ടാർ ചോദിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമക്ഷേത്രത്തിനായി ഞാൻ സ്വന്തം നിലക്ക് രണ്ടു കോടി രൂപ സമാഹരിച്ചിട്ടുണ്ട്. പാർട്ടി വിട്ടശേഷം ഞങ്ങളെയൊന്നും ആരും ഭക്തരായി കണക്കാക്കുന്നില്ല.-ഷെട്ടാർ ആരോപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി നടത്തുന്ന ന്യൂനപക്ഷ പ്രീണനമാണ് ഇപ്പോൾ കാണുന്നത്. അയോധ്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട കേസുകൾ കർണാടക സർക്കാർ എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൊണ്ണൂറുകളിൽ രാമ ജൻമഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രക്ഷോഭം നടത്തിയ കർസേവകരെ അറസ്റ്റ് ചെയ്ത ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷെട്ടാർ. സർക്കാർ അറസ്റ്റിലൂടെ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു.
സർക്കാർ ഇത് ചെയ്തുവെന്ന് ആരെങ്കിലും പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല. വിഷയത്തിൽ ബി.ജെ.പി പ്രതിഷേധിക്കട്ടെ. ഇതൊരു കോടതി ഉത്തരവായിരിക്കാം. അല്ലെങ്കിൽ പൊലീസ് വിളിച്ചേക്കാം. കഴിഞ്ഞ തവണ ബി.ജെ.പിയായിരുന്നു ഭരിച്ചിരുന്നത്. അവർക്ക് കേസുകൾ പിൻവലിക്കാമായിരുന്നു. എന്നാൽ പ്രശ്നം അവിടെ അവസാനിച്ചേനെയെന്നും ഷെട്ടാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.