രാമക്ഷേത്ര നിര്‍മാണം രാഷ്ട്രത്തെ ഒന്നിപ്പിക്കാനുള്ള ഉദ്യമം -പ്രധാനമന്ത്രി
text_fieldsഅയോധ്യ: രാമക്ഷേത്ര നിര്‍മാണം രാഷ്ട്രത്തെ ഒന്നിപ്പിക്കുന്നതിനുളള ഉദ്യമമാെണന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിന് ശേഷം ഭക്തരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇതുവരെ കൂടാരത്തില്‍ കഴിഞ്ഞ രാം ലല്ലയ്ക്ക് വേണ്ടി വലിയ ക്ഷേത്രം നിര്‍മിക്കാന്‍ പോവുകയാണ്. നൂറ്റാണ്ടുകളായി തുടര്‍ന്നുപോന്നിരുന്ന തകര്‍ക്കുക, വീണ്ടും നിര്‍മിക്കുക എന്ന ആവര്‍ത്തനത്തില്‍ നിന്ന് രാമജന്മ ഭൂമി മുക്തമാകുകയാണ് -ജയ് ശ്രീരാം ഏറ്റുവിളിക്കാന് ആഹ്വാനം ചെയ്ത് ആരംഭിച്ച പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം മുഴുവനും ഇന്ന് ശ്രീരാമനില്‍ മുഴുകിയിരിക്കുകയാണ്. അയോധ്യയിലെ രാമക്ഷേത്രം നമ്മുടെ പാരമ്പര്യത്തിെൻറ ആധുനിക മാതൃകയായി മാറും. ഭക്തിയുടെയും ദേശവികാരത്തിെൻറയും മാതൃകയാകും. കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ ഒറ്റക്കെട്ടായ ദൃഢനിശ്ചയത്തിെൻറ കരുത്തിനെ പ്രതീകവത്കരിക്കും. ഭാവിതലമുറയെ പ്രചോദിതരാക്കും. ശ്രീരാമ ജയഘോഷം അയോധ്യയില്‍ മാത്രമല്ല ലോകമെമ്പാടും പ്രതിധ്വനിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
ജനഹൃദയങ്ങള്‍ പ്രകാശഭരിതമാണ്. ഇത് മുഴുവന്‍ രാജ്യത്തിനും വൈകാരിക നിമിഷമാണ്. ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ഇന്ന് വിരാമമാകുന്നു. ക്ഷേത്രത്തിനായി നടത്തിയ പോരാട്ടം സ്വാതന്ത്ര്യസമരത്തിന് തുല്യമാണ്. തമുറകളുടെ ജീവത്യാഗം ഫലം കണ്ടു. ക്ഷേത്രം ത്യാഗത്തിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റേയും പ്രതീകമാണ്.ഗോവര്‍ധനപര്‍വതം ഉയര്‍ത്താന്‍ ശ്രീകൃഷ്ണനെ കുട്ടികള്‍ സഹായിച്ചതുപോലെ, സ്വാതന്ത്ര്യം നേടാന്‍ ഗാന്ധിജിയെ ഇന്ത്യയിലെ ജനങ്ങള്‍ പിന്തുണച്ചതുപോലെ എല്ലാവരുടേയും പ്രയത്നത്താലാണ് രാമക്ഷേത്രനിര്‍മാണത്തിന് ആരംഭംകുറിച്ചിരിക്കുന്നത്.
അയോധ്യയില്‍ ഉയരുന്ന വലിയ രാമക്ഷേത്രം ശ്രീരാമെൻറ നാമം പോലെ സമ്പന്നമായ ഇന്ത്യന്‍ സംസ്കാരത്തെ പ്രതിഫലിപ്പിക്കും. എല്ലാകാലത്തും മുഴുവന്‍ മനുഷ്യരെയും ക്ഷേത്രം പ്രചോദിപ്പിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാമനെ എപ്പോഴൊക്കെ മാനവരാശി വിശ്വസിച്ചിട്ടുണ്ടോ അപ്പോഴെല്ലാം പുരോഗതിയുണ്ടായിട്ടുണ്ട്. എപ്പോഴെല്ലാം ആ പാതയില്‍ നിന്ന് വ്യതിചലിച്ചോ അപ്പോഴെല്ലാം നാശത്തിെൻറ വാതിലുകള്‍ തുറന്നിട്ടുണ്ട്. എല്ലാവരുടെയും വികാരങ്ങളെ നാം മാനിക്കണം. എല്ലാവരുടേയും പിന്തുണയോടെയും വിശ്വാസത്തോടെയും എല്ലാവരുടെയും വികസനം ഉറപ്പിക്കണം.
ഈ ക്ഷേത്ര നിര്‍മാണത്തോടെ അയോധ്യയുടെ വിശ്വാസ്യത ഉയരുകയും സാമ്പത്തികരംഗം പുരോഗതി പ്രാപിക്കുകയും ചെയ്യും. ഒരോ കോണിലും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ലോകത്തിെൻറ എല്ലാ ഭാഗങ്ങളിൽനിന്നും രാമദര്‍ശനം ലഭിക്കുന്നതിനായി ജനം ഇവിടെയെത്തും.
രാജ്യത്തെ കോടാനുകോടി രാമഭക്തര്‍ക്കും എല്ലാ പൗരന്മാര്ക്കും ലോകമെമ്പാടുമുളള ഇന്ത്യക്കാര്‍ക്കും ഈ പുണ്യ അവസരത്തില്‍ കൃതജ്ഞത അറിയിക്കുന്നു. ശിലാസ്ഥാപനത്തിന് തന്നെ തെരഞ്ഞെടുത്ത രാമ ജന്മഭൂമി തീര്‍ഥട്രസ്റ്റിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.