കോവിഡ് പ്രതിസന്ധിയിൽനിന്ന് ഇന്ത്യ പുറത്തുകടന്നിട്ടില്ല –രാഷ്ട്രപതി
text_fieldsന്യൂഡൽഹി: കോവിഡ് തരംഗങ്ങളിൽനിന്ന് പുറത്തുകടക്കാൻ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ലെന്നും നിതാന്ത ജാഗ്രത ആവശ്യമാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 50 കോടി പേർക്ക് വാക്സിൻ നൽകാൻ കഴിഞ്ഞതായി രാഷ്ട്രപതി പറഞ്ഞു. വാക്സിൻ എല്ലാവർക്കും നൽകുന്നതിനൊപ്പം സാമ്പത്തിക പ്രത്യാഘാതങ്ങൾ മറികടക്കാനും ശ്രദ്ധാപൂർവമായ ശ്രമങ്ങൾ വേണം. സ്വാതന്ത്ര്യദിന തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. വൈറസ് അദൃശ്യനായ ശത്രുവായി നമ്മെ വേട്ടയാടുന്നുവെന്നിരിക്കേ, കഴിഞ്ഞ തവണത്തെപ്പോലെ ഇപ്രാവശ്യവും സ്വാതന്ത്ര്യദിനം പരിമിതമായി മാത്രം ആഘോഷിക്കാൻ നാം നിർബന്ധിതമാണ്.
സർക്കാർ സ്വീകരിച്ച നടപടികൾ കോവിഡ് പ്രതിസന്ധിയുടെ ആഘാതം കുറച്ചതായും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യത്തിെൻറ അന്തഃസത്ത ഉൾക്കൊള്ളാനും ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകാനും രാഷ്ട്രപതി ആഹ്വാനം ചെയ്തു. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ജനാധിപത്യം നിലനിൽക്കില്ലെന്ന് കരുതിയവർ ഏറെയാണ്. എന്നാൽ, ജനങ്ങളുടെ വിവേകം വിജയിക്കുകതന്നെ ചെയ്തു. പാർലമെൻറ് ജനങ്ങളുടെ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയാണെന്ന് രാഷ്ട്രപതി ഓർമിപ്പിച്ചു.
രാജ്യം നീതിയുടെയും സ്വാതന്ത്ര്യത്തിെൻറയും തുല്യതയുടെയും വഴിയിൽ ഇനിയും ഒരുപാട് മുന്നേറാനുണ്ട്. മുന്നോട്ടുള്ള വഴി അനായാസമല്ല.
ത്യാഗം സഹിച്ച് നേടിയതാണ് സ്വാതന്ത്ര്യത്തിെൻറ വിശാലമായ ആകാശമെന്ന് രാഷ്ട്രപതി ഓർമിപ്പിച്ചു. ഒളിമ്പിക്സ് ജേതാക്കളെയും കോവിഡ് പ്രതിരോധ രംഗത്തു പ്രവർത്തിക്കുന്നവരെയും രാഷ്ട്രപതി പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.