ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ഉന്നതതല സമിതി റിപ്പോർട്ട് ഇന്ന് രാഷ്ട്രപതിക്ക് കൈമാറും
text_fieldsന്യൂഡൽഹി: ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകൾ പഠിക്കാൻ നിയോഗിച്ച ഉന്നതതല സമിതി തയാറാക്കിയ റിപ്പോർട്ട് ഇന്ന് രാഷ്ട്രപതിക്ക് കൈമാറും. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. 'ഒറ്റ തെരഞ്ഞെടുപ്പ്' നടപ്പാക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിനും സമൂഹത്തിനും ഗുണകരമെന്നാണ് സമിതിയുടെ വിലയിരുത്തൽ.
എട്ട് വാല്യങ്ങളിലായി 18,000ത്തോളം പേജുള്ള റിപ്പോർട്ട് ആണ് സമിതി തയ്യാറാക്കിയിരിക്കുന്നത്. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള മോഡൽ റിപ്പോർട്ടിൽ ഉണ്ട്. ഒരേസമയം വോട്ടെടുപ്പ് നടത്താൻ ഇതുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതിക്കും പുതിയ വകുപ്പുകൾ ചേർക്കാനും റിപ്പോർട്ട് ശിപാർശ ചെയ്തേക്കും.
2023ലാണ് രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ ഒറ്റ തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകൾ പഠിക്കാൻ നിയോഗിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗുലാം നബി ആസാദ്, ധന കമ്മീഷൻ മുൻ ചെയർമാൻ എൻ കെ സിംഗ്, ലോക്സഭാ മുൻ സെക്രട്ടറി ജനറൽ സുബാഷ് കശ്യപ്, സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ മുഖ്യ വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരാണ് സമിതി അംഗങ്ങൾ. സമിതി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയിരുന്നു.
ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിനും ഫെഡറൽ തത്ത്വങ്ങൾക്കും വിരുദ്ധമാണെന്ന് പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരമൊരു ആശയത്തിനുവേണ്ടി മുൻ രാഷ്ട്രപതിയുടെ പദവിയുള്ള ഒരാൾ നിന്നുകൊടുക്കരുതെന്നും സമിതി പിരിച്ചുവിടണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.