രാംനാഥ് കോവിന്ദ് എൻ.ഡി.എ രാഷ്ട്രപതി സ്ഥാനാർഥി
text_fieldsന്യൂഡൽഹി: രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് ദലിത് നേതാവും ബിഹാർ ഗവർണറുമായ രാംനാഥ് കോവിന്ദിനെ(71) എൻ.ഡി.എയുടെ രാഷ്്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഡൽഹിയിൽ ബി.ജെ.പി പാർലമെൻററി പാർട്ടി യോഗത്തിലാണ് നാടകീയവും അപ്രതീക്ഷിതവുമായ തീരുമാനം. ബി.ജെ.പി പ്രസിഡൻറ് അമിത് ഷായാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
യോഗത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും ഫോണിൽ വിവരമറിയിച്ചു. എന്നാൽ, സ്ഥാനാർഥിയെ പ്രഖ്യാപിച്ചശേഷം പിന്തുണ ചോദിച്ച പശ്ചാത്തലത്തിൽ എൻ.ഡി.എക്കെതിരെ കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും രംഗത്തുവന്നു. സംഘ്പരിവാറിൽനിന്നുള്ള ഒരു സ്ഥാനാർഥിയെ പിന്തുണക്കില്ലെന്ന് പ്രഖ്യാപിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സമവായമില്ലാത്തതിനാൽ മത്സരം നടക്കെട്ട എന്ന് പറഞ്ഞു.
ജൂൺ 23ന് നാമനിർദേശപത്രിക സമർപ്പിക്കാനാണ് ആലോചിക്കുന്നതെന്നും രാംനാഥ് കോവിന്ദുമായി കൂടിയാേലാചിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും പാർലമെൻററി പാർട്ടി യോഗത്തിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ അമിത് ഷാ പറഞ്ഞു. സോണിയ ഗാന്ധി, മൻമോഹൻ സിങ് തുടങ്ങി മറ്റു രാഷ്ട്രീയ പാർട്ടി നേതാക്കളുമായി മോദി സംസാരിച്ചെന്നും അവരെ വിവരമറിയിച്ചെന്നും അമിത് ഷാ വ്യക്തമാക്കി. േകാവിന്ദിെൻറ സ്ഥാനാർഥിത്വത്തിൽ സമവായമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഉപരാഷ്ട്രപതി സ്ഥാനാർഥി കാര്യത്തിൽ ബി.ജെ.പി തീരുമാനമെടുത്തിട്ടിെല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡിഷ മുഖ്യമന്ത്രിമാരെയും മോദി നേരിൽ വിളിച്ച് പിന്തുണ തേടി. പ്രധാനമന്ത്രി 24ന് വിദേശത്തേക്ക് പുറപ്പെടുംമുമ്പ് കോവിന്ദ് നാമനിർദേശപത്രിക സമർപ്പിക്കും. തിങ്കളാഴ്ച പട്നയിൽനിന്ന് ഡൽഹിയിലെത്തിയ കോവിന്ദ് പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
എൻ.ഡി.എ സഖ്യകക്ഷികളല്ലാത്ത തെലങ്കാനയിലെ തെലങ്കാന രാഷ്്ട്രീയ സമിതിയും ആന്ധ്രപ്രദേശിലെ വൈ.എസ്.ആർ കോൺഗ്രസും കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചു. കോവിന്ദിന് ബി.ജെ.പി സഖ്യകക്ഷിയായ ലോക് ജൻശക്തി പാർട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാനും പിന്തുണ അറിയിച്ചു.
അതേസമയം, 22ന് നടക്കുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിനുശേഷമേ സ്ഥാനാർഥി കാര്യത്തിൽ അന്തിമതീരുമാനം പ്രഖ്യാപിക്കൂ എന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. ദലിത് വിഭാഗക്കാരൻ എന്ന നിലയിൽ രാംനാഥ് കോവിന്ദിെൻറ സ്ഥാനാർഥിത്വം സ്വാഗതം ചെയ്ത ബി.എസ്.പി നേതാവ് മായാവതി, പ്രതിപക്ഷം അറിയപ്പെടുന്ന ദലിതനെ സ്ഥാനാർഥിയാക്കണമെന്ന് അഭിപ്രായപ്പെട്ടു. അല്ലെങ്കിൽ കോവിന്ദിനെ പിന്തുണക്കുമെന്ന് അവർ വ്യക്തമാക്കി. അറിയപ്പെടുന്ന നിരവധി ദലിത് നേതാക്കൾ രാജ്യത്തുണ്ടായിട്ടും ബി.ജെ.പി പോഷക സംഘടനയായ ദലിത് മോർച്ച നേതാവായിരുന്നതുകൊണ്ട് മാത്രമാണ് കോവിന്ദിനെ എൻ.ഡി.എ സ്ഥാനാർഥിയാക്കിയതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി പ്രതികരിച്ചു.
ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യ ദലിതൻ മലയാളിയായ കെ.ആർ. നാരായണനായിരുന്നു. ഗുജറാത്തിലും ഉത്തർപ്രദേശിലുമെല്ലാം ബി.ജെ.പിക്കെതിരെ ദലിതുകൾക്കിടയിൽനിന്ന് അമർഷമുയരുന്നതിനിടയിലാണ് പാർട്ടി ദലിത് നേതാവിനെ രാഷ്ട്രപതി സ്ഥാനാർഥിയാക്കുന്നത്.
നേരേത്ത ബി.െജ.പി അധ്യക്ഷൻ അമിത് ഷാ ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ കണ്ടപ്പോഴും കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്ങും വെങ്കയ്യ നായിഡുവും സോണിയ ഗാന്ധിയെയും സീതാറാം യെച്ചൂരിയെയും കണ്ടപ്പോഴും സ്ഥാനാർഥി ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഇതിലുള്ള അനിഷ്ടം സഖ്യകക്ഷിയായ ശിവസേനയും പ്രതിപക്ഷത്തുനിന്ന് കോൺഗ്രസും പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.