ശിവസേനയോടുള്ള നന്ദി ഫോൺവിളിയിലൊതുക്കി കോവിന്ദ്
text_fieldsമുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പിന്തുണ പ്രഖ്യാപിച്ച ശിവസേന പ്രസിഡൻറ് ഉദ്ധവ് താക്കറെയോടുള്ള നന്ദിപ്രകാശനം ഫോൺവിളിയിലൊതുക്കി എൻ.ഡി.എ സ്ഥാനാർഥി രാംനാഥ് കോവിന്ദ്. ബി.ജെ.പിയുടെയും ശിവസേന അടക്കം സഖ്യ കക്ഷികളുടെയും ജനപ്രതിനിധികളോട് വോട്ടു ചോദിക്കാൻ ശനിയാഴ്ച മുംബൈയിലെത്തിയ കോവിന്ദ് പതിവുപോലെ താക്കറെ ഭവനമായ ‘മാതോശ്രീ’യിൽ ചായസൽക്കാരത്തിന് പോയില്ല. രാഷ്ട്രപതി സ്ഥാനാർഥികൾ പിന്തുണ തേടി ‘മാതോശ്രീ’യിൽ എത്തുന്നതായിരുന്നു പതിവ്. ശനിയാഴ്ച രാവിലെ നഗരത്തിലെത്തിയ അദ്ദേഹം ദക്ഷിണ മുംബൈയിലെ ഗർവാരെ ക്ലബിൽ നടന്ന ചടങ്ങിലാണ് എൻ.ഡി.എ കക്ഷികളുടെ പിന്തുണ തേടിയത്. തനിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് ഫോണിലൂടെയാണ് ശിവസേന പ്രസിഡൻറ് ഉദ്ധവ് താക്കറയെ നന്ദി അറിയിച്ചത്. ഉച്ചയോടെ അദ്ദേഹം മടങ്ങുകയും ചെയ്തു.
ബാൽ താക്കറെയുടെ കാലത്ത് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പിന്തുണ തേടി ബി.ജെ.പിയിലെ മുതിർന്ന നേതാക്കൾ ബാന്ദ്രയിലെ ‘മാതോശ്രീ’യിൽ എത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ട് 2007 ലും 2012 ലും ശിവസേന പിന്തുണച്ചത് യു.പി.എയുടെ രാഷ്ട്രപതി സ്ഥാനാർഥികളെയായിരുന്നു.
2007ൽ മറാത്തിയായ പ്രതിഭ പാട്ടീൽ, കഴിഞ്ഞ തവണ പ്രണബ് മുഖർജി എന്നിവരെയാണ് ശിവസേന പിന്തുണച്ചത്. ഇരുവരും പിന്തുണ തേടി ‘മാതോശ്രീ’യിൽ ചെന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.