ടിക്കറ്റ് നിഷേധിച്ചു; രാഷ്ട്രപതിയുടെ മരുമകൾ ബി.ജെ.പി വിമത
text_fieldsലഖ്നോ: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദിെൻറ മരുമകൾ ബി.ജെ.പി വിമതയായി മത്സരിക്കുന്നു. ഇതേതുടർന്ന് രാഷ്ട്രപതിയുടെ ജന്മനാട്ടിൽ പാർട്ടി രണ്ടുതട്ടിലായി.
യു.പിയിൽ കാൺപുർ ദെഹത് ജില്ലയിലെ ജിൻജാക് നഗർപാലിക പരിഷത് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിലാണ് ദീപ കോവിന്ദ് സ്വതന്ത്രയായി പത്രിക നൽകിയത്. രാം നാഥ് കോവിന്ദിെൻറ മൂത്ത സഹോദരൻ പ്യാരേലാലിെൻറ മകൻ പങ്കജിെൻറ ഭാര്യയാണ് ദീപ. സരോജിനി ദേവി എന്ന പ്രവർത്തകയെ മത്സരിപ്പിക്കാനാണ് പ്രാദേശിക ബി.ജെ.പി നേതൃത്വം തീരുമാനിച്ചത്. ദീപയെ സംഘടനപ്രവർത്തനത്തിന് പരിഗണിക്കാമെന്നും ബി.ജെ.പി ജില്ല പ്രസിഡൻറ് രാഹുൽദേവ് അഗ്നിഹോത്രി പറഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ദീപ വിമതയായി രംഗത്തെത്തിയത്.
ബി.ജെ.പി കുടുംബ രാഷ്ട്രീയത്തിനില്ലെന്ന് രാഹുൽദേവ് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏതെങ്കിലും കുടുംബാംഗത്തെ നിങ്ങൾക്ക് തെരഞ്ഞെടുപ്പുമത്സരത്തിൽ കാണാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. വിഷയം ദീപയുടെ കുടുംബവുമായി സംസാരിക്കുമെന്നും അവർ പിന്മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, ദീപക്ക് ടിക്കറ്റ് നൽകണമെന്നാവശ്യപ്പെട്ട് ഭർത്താവ് പങ്കജ് ജില്ല പ്രസിഡൻറിനെയും എം.എൽ.എയെയും കണ്ടതോടെ പ്രശ്നം രൂക്ഷമായിരിക്കുകയാണ്. വിദ്യാസമ്പന്നയും പ്രതിബദ്ധതയുമുള്ള പാർട്ടി പ്രവർത്തകയാണ് സരോജിനി ദേവി എന്നായിരുന്നു രാഹുൽദേവ് അഗ്നിഹോത്രിയുടെ വിശദീകരണം. എന്നാൽ, സരോജിനി മുമ്പ് ബി.എസ്.പിയിലായിരുന്നുെവന്നും ബിരുദാനന്തരബിരുദധാരിയായ തെൻറ ഭാര്യയുടെയത്ര വിദ്യാഭ്യാസം അവർക്കില്ലെന്നും ദീപയുടെ ഭർത്താവ് പങ്കജ് തിരിച്ചടിച്ചു. കോവിന്ദിെൻറ കുടുംബം ദീർഘകാലമായി ബി.ജെ.പിയുമായി അടുത്ത ബന്ധമുള്ളവരാണെന്നും ദീപയുടെ ജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.