ശ്രീരാമനാണ് ബി.ജെ.പിയെ ശിക്ഷിച്ചത് -സ്മൃതി ഇറാനിയെ തറപറ്റിച്ചതിനെക്കുറിച്ച് കിഷോരി ലാൽ
text_fieldsന്യൂഡൽഹി: ശ്രീരാമനാണ് ബി.ജെ.പിയെ ശിക്ഷിച്ചതെന്നും ശ്രീരാമൻ കാലുകുത്തിയ മണ്ഡലങ്ങളിലെല്ലാം ബി.ജെ.പി തോറ്റെന്നും ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനും അമേത്തിയിൽ ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയെ തറപറ്റിക്കുകയും ചെയ്ത കിഷോരി ലാൽ ശർമ. നിങ്ങൾ ഒരിക്കലും ദൈവത്തേക്കാൾ വലുതായി പ്രവർത്തിക്കരുതെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കിഷോരി ലാൽ പറഞ്ഞു.
അയോധ്യ, ചിത്രകൂട്, നാസിക്, രാമേശ്വരം, രാംടെക് എന്നിവിടങ്ങളിലെ തിരിച്ചടിയിലൂടെ ശ്രീരാമൻ അവരെ ശിക്ഷിച്ചു. ശ്രീരാമൻ കാലുകുത്തിയ മണ്ഡലങ്ങളിലെല്ലാം അവർ തോറ്റു. വിജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. പ്രിയങ്ക ഗാന്ധി എന്നെ അവരുടെ കുടുംബത്തിലെ അംഗമാണ് എന്ന് വിശേഷിപ്പിച്ചതോടെ പുതിയ പാർട്ടി പ്രവർത്തകരടക്കം എനിക്ക് പിന്നിൽ അണിനിരക്കുന്നത് ഞാൻ കണ്ടു. എന്‍റെ വോട്ട് മാർജിൻ ഏകദേശം ഒരു ലക്ഷമാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, ഇത്രയും വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്ന് കരുതിയില്ല. വോട്ട് മാർജിൻ 20,000-30,000 ഇടയിലായിരിക്കുമെന്ന് മാധ്യമങ്ങളിൽ ധാരാളം ചർച്ചകൾ നടന്നു. എനിക്കുള്ള പിന്തുണ അവർ കുറച്ചുകാണിച്ചു. 40 വർഷമായി ഞാൻ ഇവിടെ ഉള്ളതിനാൽ ഒരു ലക്ഷം വോട്ട് എനിക്ക് ഉറപ്പായിരുന്നു. തൊഴിലാളികളുടെ കണ്ണിൽ എന്‍റെ വിജയം എനിക്ക് വായിക്കാനായിരുന്നു -അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നായിരുന്നു അമേത്തി. 1,60,000 ത്തിലേറെ വോട്ടുകൾക്കായിരുന്നു നാലു പതിറ്റാണ്ടായി ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാൽ ശർമയുടെ വിജയം.
രാജീവ് ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമൊപ്പം പ്രവർത്തിച്ചിട്ടുള്ളതിനാൽ ഇരുവരുടെയും സമാനതകളും വ്യത്യാസങ്ങളും എന്താണെന്ന ചോദ്യത്തിന്, അവരെ രണ്ടു പേരെയും താരതമ്യം ചെയ്യുന്നത് ഉചിതമല്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുപേരും ആദ്യം ചിന്തിക്കുന്നത് രാജ്യത്തിന് വേണ്ടിയാണ്, സ്വന്തത്തിന് വേണ്ടിയല്ല. ഇതാണ് ഏറ്റവും വലിയ സാമ്യതയെന്നും അദ്ദേഹം പറഞ്ഞു.
പ്രിയങ്ക ഗാന്ധി ഇപ്പോൾ വയനാട്ടിലേക്ക് പോകുകയാണ്. പ്രിയങ്കയുടെ അഭാവം ഇവിടുത്തെ പാർട്ടി ഘടകത്തെ ബാധിക്കുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, അമേത്തിയുടെയും വയനാടിന്‍റെയും കാര്യങ്ങൾ താൻ നോക്കുമെന്നാണ് പ്രിയങ്ക പറഞ്ഞിരിക്കുന്നതെന്ന് കിഷോരി ലാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.