ആർ.എസ്.എസ് വധിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രമോദ് മുത്തലിക്ക്
text_fieldsന്യൂഡൽഹി: ആർ.എസ്.എസ് തന്നെ വധിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്ക്. വി.എച്ച്.പി നേതാവ് പ്രവീൺ തൊഗാഡിയ ബി.ജെ.പി നേതൃത്വത്തെ കുറ്റപ്പെടുത്തി രംഗത്തെത്തിയതിന് പിന്നാലെയാണ് ആർ.എസ്.എസിനെതിരെ വിമർശനവുമായി പ്രമോദ് മുത്തലിക്ക് എത്തിയിരിക്കുന്നത്. 2009ൽ മംഗളൂരുവിലെ പബ് ആക്രമണവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധനായ വ്യക്തിയാണ് പ്രമോദ് മുത്തലിക്ക്. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രമോദ് മുത്തലിക്ക് ഭീഷണിയെ സംബന്ധിച്ച സൂചന നൽകിയത്.
‘‘എെൻറ ശത്രുക്കൾ ആരെല്ലാമെന്ന് നന്നായി അറിയാം. കോൺഗ്രസും കമ്യൂണിസ്റ്റുകളും ബുദ്ധിജീവികളും എെൻറ ശത്രുക്കളാണ്. അവരെല്ലാം അറിയപ്പെടുന്ന ശത്രുക്കളാണ്. അവർ എനിക്കെതിരെ പ്രവർത്തിക്കുന്നുണ്ട്. പക്ഷേ, ഞാൻ ഭയപ്പെടുന്നത് ഞങ്ങളുടെ കൂട്ടത്തിൽ തന്നെയുള്ളവരെയാണ്. അവർ എന്നെ ഉപദ്രവിക്കും. പിന്നിൽനിന്ന് കുത്തുന്നതിൽ മിടുക്കരാണവർ. പ്രവീൺ തൊഗാഡിയക്ക് സംഭവിച്ചത് തനിക്കും സംഭവിച്ചേക്കും’’ -മുത്തലിക് പറഞ്ഞു.
ആർ.എസ്.എസ് നേതൃത്വത്തെ പരസ്യമായി വിമർശിക്കാനും പ്രമോദ് മുത്തലിക്ക് മുതിർന്നു. സംസ്ഥാനത്തെ മുതിർന്ന ആർ.എസ്.എസ് നേതാവായ മേങ്കഷ് ഭീണ്ഡേക്ക് തന്നെ ഇഷ്ടമല്ല. മുൻ കർണാടക മുഖ്യമന്ത്രി ജഗ്ദീഷ് ഷെട്ടറിനെയാണ് മേങ്കഷ് പിന്തുണക്കുന്നത്. ഉത്തരകർണാടകയിൽ തന്നെ ആവശ്യമില്ലെന്നാണ് പല ആർ.എസ്.എസ് നേതാക്കളുടെയും തീരുമാനമെന്നും പ്രമോദ് മുത്തലിക്ക് പറഞ്ഞു. ആർ.എസ്.എസിന് തെൻറ ജനസമ്മിതി അംഗീകരിക്കാനാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർ.എസ്.എസിനുവേണ്ടി ജീവിതത്തിലെ 40 വർഷം പാഴാക്കി. ഇപ്പോൾ നിരാശനാണ്. എന്നെപ്പോലെ ആയിരങ്ങളുണ്ട്. തെൻറ ഹിന്ദുത്വ വിശ്വാസം ഉറപ്പുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തുവർഷം മുമ്പാണ് ആർ.എസ്.എസ്, ബജ്റംഗ്ദൾ പ്രസ്ഥാനങ്ങൾ വിട്ട് ശ്രീരാമസേന എന്ന തീവ്രഹിന്ദുത്വ സംഘടനയുണ്ടാക്കിയത്. അടുത്തിടെ ശിവ സേനയുടെ കർണാടക യൂനിറ്റ് തലവനായും തിരഞ്ഞെടുക്കപ്പെട്ടു. കർണാടക നിയമസഭതെരഞ്ഞെടുപ്പിൽ 50 സീറ്റുകളിൽ മത്സരിക്കുമെന്നും ബി.ജെ.പിയെ പാഠം പഠിപ്പിക്കുമെന്നും മുത്തലിക് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.