രാമക്ഷേത്ര നിർമാണം ഉടൻ തുടങ്ങുമെന്ന് വി.എച്ച്.പി
text_fieldsഅയോധ്യ: ഉത്തർപ്രദേശിൽ ബി.ജെ.പി സർക്കാർ അധികാരത്തിലേറിയതോടെ അയോധ്യയിൽ രാമക്ഷേത്രനിർമാണം ഉടൻ ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി വിശ്വഹിന്ദുപരിഷത്ത്. ‘‘യോഗി ആതിഥ്യനാഥിെൻറ സർക്കാർ വന്നതോടെ രാമക്ഷേത്രനിർമാണത്തിന് മുന്നിലുള്ള തടസ്സങ്ങൾ നീങ്ങിക്കഴിഞ്ഞു. ക്ഷേത്രനിർമാണത്തിനാവശ്യമായ കല്ലുകൾ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിത്തുടങ്ങി’’ -വി.എച്ച്.പി പ്രാദേശിക നേതാവ് ത്രിലോക്നാഥ് പാണ്ഡെ പറഞ്ഞു. രാജസ്ഥാനിലെ ഭരത്പൂരിൽനിന്നുള്ള രണ്ടു ലോഡ് കല്ലുകൾ കർസേവക്പുരത്തെ വി.എച്ച്.പി ആസ്ഥാനത്ത് ഇറക്കിക്കഴിഞ്ഞു.
വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് ലോഡ് കല്ലുകൾ ഉടനെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2015ലും വി.എച്ച്.പി സമാനശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും സമാജ്വാദി പാർട്ടി സർക്കാർ തടയിടുകയായിരുന്നു. കല്ലുകൾ കൊണ്ടുവരുന്നതിന് വാണിജ്യനികുതി വിഭാഗത്തിൽനിന്ന് നൽകേണ്ട ഫോറം 39 വിലക്കിക്കൊണ്ടായിരുന്നു ഇത്. എന്നാൽ, ഇത്തവണ അപേക്ഷ നൽകിയ ഉടൻ ഫോറം കിട്ടിയതായി പാണ്ഡെ വ്യക്തമാക്കി.
അതേസമയം, വി.എച്ച്.പിയുടെ നീക്കം സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ബാബരി മസ്ജിദ്-രാമജന്മഭൂമി കേസിനെ ബാധിക്കില്ലെന്നും പരമോന്നത കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്നും കേസിലെ കക്ഷികളിലൊരാളായ ഖാലിക് അഹ്മദ് ഖാൻ പറഞ്ഞു.
കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ വി.എച്ച്.പിയുടെ ക്ഷേത്രനിർമാണനീക്കം നിയമവിരുദ്ധവും സാമുദായികസ്പർധക്ക് കാരണമാവുന്നതുമാണെന്നും ലഖ്നോ സർവകലാശാല മുൻ വൈസ് ചാൻസലർ രൂപ് രേഖ വർമ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.