Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പിന്...

തെരഞ്ഞെടുപ്പിന് രാമക്ഷേത്രം മതി; ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം മോദി സർക്കാറിന്റെ അവസാന ബജറ്റ്

text_fields
bookmark_border
തെരഞ്ഞെടുപ്പിന് രാമക്ഷേത്രം മതി; ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം മോദി സർക്കാറിന്റെ അവസാന ബജറ്റ്
cancel

ന്യൂഡൽഹി: തെരഞ്ഞെടുപ്പുകാലത്ത് ബജറ്റ് ജനപ്രിയമാക്കുകയെന്ന പതിവ് തെറ്റിച്ചാണ് ധനമന്ത്രി നിർമല സീതാരാമന്റെ ഈ വർഷത്തെ ബജറ്റ് പ്രസംഗം. സാധാരണക്കാരായ ജനങ്ങൾക്കായി വലിയ പദ്ധതികളൊന്നും പ്രഖ്യാപിക്കാതെ എല്ലാം ജൂലൈയിലുള്ള സമ്പൂർണ്ണ ബജറ്റിലുണ്ടാവു​മെന്ന് അറിയിച്ചാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രസംഗം പൂർത്തിയാക്കിയത്. മൂന്നാമതും അധികാരത്തിലെത്തുമെന്ന ബി.ജെ.പിയുടെ പ്രതീക്ഷ പ്രകടമാക്കുന്നതായിരുന്നു ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം.

തെരഞ്ഞെടുപ്പ് വർഷങ്ങളിൽ വാരിക്കോരി ആനുകൂല്യങ്ങൾ നൽകുന്ന രീതിയാണ് ധനമന്ത്രിമാർ സാധാരണ പിന്തുടരാറ്. എന്നാൽ, കിസാൻ സമ്മാൻ നിധി ഉൾപ്പടെ രാജ്യത്തെ ബഹുഭൂരിപക്ഷം വരു​ന്ന ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പദ്ധതികൾക്കായി പുതിയ പ്രഖ്യാപനങ്ങളൊന്നും ധനമന്ത്രി നടത്തിയിട്ടില്ല. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച മോദി ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുകയെന്നും പൂർണ ബജറ്റ് പിന്നീടുണ്ടാവുമെന്നും അറിയിച്ചിരുന്നു.

വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം കൂടി പ്രകടിപ്പിക്കുകയായിരുന്നു നരേന്ദ്ര മോദി അന്ന് ചെയ്തത്. ഇന്ന് ബജറ്റ് അവതരണത്തിലും ഇതേ ആത്മവിശ്വാസമാണ് ധനമന്ത്രിയും പ്രകടിപ്പിച്ചിരിക്കുന്നത്. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തിയ ബജറ്റുമായി തെരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പി തയാറല്ലെന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു നിർദേശങ്ങൾ. തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്നും അപ്പോൾ അവതരിപ്പിക്കുന്ന ബജറ്റിൽ ഇതിനെല്ലാമുള്ള നിർദേശം ഉൾപ്പെടുത്തുമെന്നുമാണ് ധനമന്ത്രിയുടെ പ്രസംഗം സൂചിപ്പിക്കുന്നത്.

രാജ്യം സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാനായി എത്തിയത്. തൊഴിലില്ലായ്മ ഇന്ത്യയിൽ അതിരൂക്ഷമാണെന്ന നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ, ബജറ്റിൽ ഇത് പരിഹരിക്കുന്നതിനുള്ള കാര്യമായ നിർദേശങ്ങ​ളോ പദ്ധതി പ്രഖ്യാപനങ്ങ​ളോ നടത്താൻ ധനമന്ത്രി മുതിർന്നിട്ടില്ല. തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ബജറ്റിൽ ഇതിനുള്ള ഒരു നിർദേശവും ഉൾപ്പെട്ടിട്ടില്ല.

രാജ്യത്തിന്റെ നട്ടെല്ലായ കർഷകർക്കായി പ്രഖ്യാപിച്ച കിസാൻ സമ്മാൻ നിധിയുടെ തുക വർധിപ്പിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒരു രൂപ പോലും കൂട്ടിയിട്ടില്ല. കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവിലയിൽ ഉൾപ്പടെ ഒരു മാറ്റവും സർക്കാർ വരുത്തിയിട്ടില്ല. കർഷകർക്ക് ആനുകൂല്യം നൽകുന്ന ഒരു പദ്ധതിയും പ്രഖ്യാപിക്കാതെയാണ് ബജറ്റ് പ്രസംഗം ധനമന്ത്രി പൂർത്തീകരിച്ചത്. ദരിദ്രർ, യുവാക്കൾ, കർഷകർ, വനിതകൾ എന്നിവർക്ക് ഊന്നൽ നൽകുന്ന ബജറ്റിൽ പക്ഷേ ഇവർക്കായി കാര്യമായ നിർദേശങ്ങളൊന്നും ഇടംപിടിച്ചിട്ടുമില്ല.

രാജ്യം ഭരിക്കുന്ന സർക്കാറുകൾ തെരഞ്ഞെടുപ്പ് വർഷത്തിൽ അവരുടെ ഭാവി സാമ്പത്തിക നയങ്ങളെ കുറിച്ച് ബജറ്റുകളിലൂടെ കൃത്യമായ സൂചന നൽകാറുണ്ട്. ഇത് ജനങ്ങളെ വോട്ടിങ്ങിനെ കൂടി സ്വാധീനിക്കുകയെന്ന ലക്ഷ്യംവെച്ചാണ്. എന്നാൽ, ഈ രീതി മോദി സർക്കാർ പൊളിച്ചെഴുതുമ്പോൾ തെരഞ്ഞെടുപ്പിന് നേരിടാൻ അവർക്ക് മറ്റ് ചില വജ്രായുധങ്ങൾ ഉണ്ടെന്ന് വേണം കരുതാൻ.

രാമക്ഷേത്രമാണ് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സർക്കാറിന്റെ പ്രധാന ആയുധം. ജനുവരി 22ന് രാജ്യം മുഴുവൻ ആഘോഷമാക്കിയാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് സർക്കാർ നടത്തിയത്. മതേതര രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു മതവിഭാഗത്തിന്റെ ചടങ്ങിൽ പ​​ങ്കെടുത്തത് വിമർശനങ്ങൾക്ക് ഇടയാക്കിയെങ്കിലും വിമർശനങ്ങളൊന്നും നരേന്ദ്ര മോദിക്ക് പ്രശ്നമായിരുന്നില്ല. കേന്ദ്രസർക്കാറിന്റെ മുഴുവൻ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് വിജയകരമാക്കുകയായിരുന്നു മോദിയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും ചെയ്തത്.

അടുത്ത തെരഞ്ഞെടുപ്പിൽ രാമക്ഷേത്ര നിർമാണം വിജയകരമായി പൂർത്തീകരിച്ചതിന്റെ ക്രെഡിറ്റ് മാത്രം മതി പെട്ടിയിൽ വോട്ട് വീഴാനെന്ന് ബി.ജെ.പി ഉറച്ചുവിശ്വസിക്കുന്നുണ്ട്. അതിന്റെ സൂചനകൾ തന്നെയാണ് ബജറ്റിലും പ്രകടനമാവുന്നത്. രാമക്ഷേത്ര നിർമാണത്തിലൂടെ ഹിന്ദി ഹൃദയഭൂമിയിൽ തങ്ങൾക്ക് അനുകൂലമായ വികാരമുണ്ടായെന്ന് വിശ്വസിക്കുന്നവർക്ക് തെരഞ്ഞെടുപ്പിനെ നേരിടാൻ ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങളുടെ ആവശ്യമില്ല. വാരണാസിയിലെ ഗ്യാൻ വ്യാപി പള്ളിയേയും അവർ ഉന്നമിട്ട് കഴിഞ്ഞും. ഇതും തെരഞ്ഞെടുപ്പിൽ ഗുണകരമാവുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ടാവണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ram Temple AyodhyaUnion Budget 2024
News Summary - Ram temple is enough for elections; Second Modi government's final budget without popular announcements
Next Story