രാമക്ഷേത്ര പ്രസ്ഥാനം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തേക്കാൾ വലുത് -വി.എച്ച്.പി നേതാവ്
text_fieldsലഖ്നോ: രാമക്ഷേത്രത്തിനുവേണ്ടിയുള്ള പ്രക്ഷോഭം 1947ലെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തേക്കാൾ വലുതാണെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) നേതാവ് ശരദ് ശർമ. 1949 മുതൽ രാമക്ഷേത്രത്തിന് വേണ്ടി പ്രവർത്തിച്ച ആളുകളെക്കുറിച്ച് വിവരിക്കുന്ന ലഘുലേഖ പൊതുജനങ്ങൾക്ക് നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായ ഇതിഹാസങ്ങളെക്കുറിച്ച് പുതുതലമുറക്ക് അറിയാൻ ഇത് സഹായിക്കും. ലക്ഷക്കണക്കിന് ആളുകൾ ഇതിന് വേണ്ടി ജീവൻ ബലിയർപ്പിച്ചിട്ടുണ്ട്. ക്ഷേത്ര നിർമ്മാണത്തിന് അന്തിമ രൂപം നൽകാൻ ഏകദേശം 500 വർഷമെടുത്തു -ശർമ പറഞ്ഞു.
‘സ്വാതന്ത്ര്യ സമരത്തേക്കാൾ വലിയ പ്രസ്ഥാനമായിരുന്നു രാമക്ഷേത്ര പ്രസ്ഥാനം. കാരണം അത് മതം, സംസ്കാരം, ചരിത്രം എന്നിവയുമായി ബന്ധപ്പെട്ട ആളുകൾ പങ്കെടുത്ത ഒരു മത പ്രസ്ഥാനമായിരുന്നു. പൂർത്തിയാകാൻ 500 വർഷമെടുത്തു, ലക്ഷക്കണക്കിന് ആളുകൾ ജീവൻ ബലിയർപ്പിച്ചു. ഇത് 1947ലെ സ്വാതന്ത്ര്യ സമരത്തേക്കാൾ വലിയ പ്രസ്ഥാനമായിരുന്നു’ -ശർമ പറഞ്ഞു.
ജനുവരി 22ന് നടക്കുന്ന വിഗ്രഹപ്രതിഷ്ഠ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ആകെ 7,000 ക്ഷണക്കത്തയക്കുന്നുണ്ട്. നാലായിരത്തോളം സന്യാസിമാരെയും മൂവായിരത്തോളം ആളുകളെയുമാണ് ക്ഷണിക്കുന്നത്. പ്രാൺ പ്രതിഷ്ഠ ചടങ്ങിനുള്ള വൈദിക ചടങ്ങുകൾ പ്രധാന ചടങ്ങിന് ഒരാഴ്ച മുമ്പ് -ജനുവരി 16 ന്- ആരംഭിക്കും. ജനുവരി 22-ന് പ്രധാന ചടങ്ങ് വാരണാസിയിൽ നിന്നുള്ള പുരോഹിതൻ ലക്ഷ്മി കാന്ത് ദീക്ഷിത് നിർവഹിക്കും. ജനുവരി 14 മുതൽ 22 വരെ അയോധ്യയിൽ അമൃത് മഹോത്സവം ആഘോഷിക്കും.
1008 ഹുണ്ടി മഹായാഗവും സംഘടിപ്പിക്കും. ആയിരക്കണക്കിന് ഭക്തർക്ക് അന്നദാനം നൽകും. മഹാഭിഷേകത്തിനായി എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന ആയിരക്കണക്കിന് ഭക്തർക്കായി നിരവധി കൂടാരങ്ങൾ നിർമ്മിക്കുന്നുണ്ട്. 15,000ഓളം പേർക്ക് സൗകര്യമൊരുക്കുമെന്ന് ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.