രാമക്ഷേത്രം: ഭരണപരാജയം മറയ്ക്കാനെന്ന് മായാവതി; ആവശ്യമെങ്കിൽ സൈന്യത്തെ വിളിക്കണമെന്ന് അഖിലേഷ്
text_fieldsന്യൂഡൽഹി: ബി.ജെ.പിയും ശിവസേനയും ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാമക്ഷേത്ര പ്രശ്നം ഉന്നയിച്ച് രംഗത്തുവരുന്നത് ഭരണപരാജയം മറയ്ക്കാനെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. പരാജയങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് രാമക്ഷേത്ര പ്രശ്നം ഉന്നയിക്കുന്നത്. ഉദ്ദേശം നല്ലതായിരുന്നെങ്കിൽ അഞ്ചുവർഷം കാത്തിരിക്കേണ്ടിയിരുന്നില്ല. ഇത് രാഷ്ട്രീയ തന്ത്രമല്ലാതെ മറ്റൊന്നുമല്ലെന്നും മായാവതി കൂട്ടിച്ചേർത്തു.
അതേസമയം അയോധ്യയിൽ ക്രമസമാധാന പാലനത്തിന് ആവശ്യമെങ്കിൽ സൈന്യത്തെ വിളിക്കണമെന്ന് സമാജ്വാദ് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിന് സമ്മർദം ശക്തമാക്കാൻ ഞായറാഴ്ച വിശ്വഹിന്ദു പരിഷത്ത് ധർമസഭ സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് മുൻ മുഖ്യമന്ത്രിയുടെ പ്രസ്താവന. ബി.ജെ.പിയും സഖ്യകക്ഷികളും എന്തിനും സന്നദ്ധമാകുമെന്ന സാഹചര്യമുള്ളതിനാൽ ഉത്തർപ്രദേശിലെ നിലവിലെ സാഹചര്യത്തിൽ ഇടപെടാൻ സുപ്രീംകോടതി സന്നദ്ധമാകണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. എന്നാൽ, അയോധ്യയിൽ സർക്കാർ ആവശ്യമായ മുൻകരുതലെടുത്തതിനാൽ സൈന്യത്തെ വിളിക്കേണ്ടതില്ലെന്നും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
അയോധ്യക്കാർ സമാധാനമായി കഴിയെട്ട -അൻസാരി
അയോധ്യ: രാമക്ഷേത്ര പ്രശ്നം ഉന്നയിക്കേണ്ടവർ ഡൽഹിയിലേക്കും ലഖ്നോവിലേക്കുമാണ് പോകേണ്ടതെന്നും അയോധ്യക്കാരെ സമാധാനമായി ജീവിക്കാൻ വിടണമെന്നും ബാബരി കേസിലെ മുസ്ലിം ഹരജിക്കാരൻ ഇഖ്ബാൽ അൻസാരി. വി.എച്ച്.പിയുടെയും ശിവസേനയുടെയും അയോധ്യയിലെ ചടങ്ങുകളുടെ പശ്ചാത്തലത്തിലാണ് അൻസാരിയുടെ പ്രതികരണം.
ഉത്തർപ്രദേശ് സർക്കാർ നഗരത്തിൽ ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങൾ തൃപ്തികരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാബരി കേസിലെ മുസ്ലിം ഭാഗത്തെ ഹരജിക്കാരനായിരുന്ന ഹാഷിം അൻസാരിയുടെ മരണശേഷമാണ് മകൻ ഇഖ്ബാൽ കേസ് ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.