രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന ദിവസം മാംസം വിൽക്കുന്ന കടകൾ അടക്കാൻ ഉത്തരവിട്ട് യു.പി സർക്കാർ
text_fieldsലഖ്നോ: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടക്കുന്ന ജനുവരി 22ന് മാംസം വിൽക്കുന്ന കടകൾ അടക്കാൻ ഉത്തരവിട്ട് യു.പി സർക്കാർ. യു.പി ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. പ്രതിഷ്ഠാദിനത്തിൽ സമ്പൂർണ്ണ മദ്യനിരോധനം യു.പിയിൽ ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിർദേശം.
ചീഫ് സെക്രട്ടറി ഡി.എസ് മിശ്ര ജില്ലാ മജിസ്ട്രേറ്റുമാർക്ക് ഇതുസംബന്ധിച്ച ഉത്തരവ് കൈമാറി. ജനുവരി 14 മുതൽ 21 വരെ ശുചീകരണ പ്രവർത്തനങ്ങളും യു.പിയിൽ നടക്കും. സർക്കാർ കെട്ടിടങ്ങളും ക്ഷേത്രങ്ങളും ജനുവരി 22 മുതൽ 26 വരെ ദീപാലംകൃതമാക്കാനും നിർദേശമുണ്ട്. ഇത് കർശനമായി പാലിക്കണമെന്നും മിശ്ര നിർദേശിച്ചു.
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ നിന്നും അയോധ്യയിലേക്ക് ഗ്രീൻ കോറിഡോറുകൾ നിർമിക്കാനും ചീഫ് സെക്രട്ടറിയുടെ നിർദേശമുണ്ട്. വഴിയിൽ അനധികൃത നിർമാണം മൂലം തടസ്സം നേരിടുന്നുണ്ടെങ്കിൽ അത് ഉടൻ നീക്കണമെന്നും യു.പി ചീഫ് സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ജനുവരി 22 നാണ് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. രാജ്യത്തുടനീളമുള്ള രാഷ്ട്രീയക്കാർ, വ്യവസായികൾ, സെലിബ്രിറ്റികൾ,വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം പ്രതിനിധികൾ എന്നിവരുൾപ്പെടെ 7,000ത്തിലധികം ആളുകൾ ചടങ്ങിൽ പങ്കെടുക്കും. പ്രതിഷ്ഠക്ക് മുന്നോടിയായുള്ള ഏഴ് ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകൾ ചൊവ്വാഴ്ച അയോധ്യയിൽ ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.