കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാൻ അന്തരിച്ചു
text_fieldsന്യൂഡൽഹി: കേന്ദ്ര മന്ത്രിയും എൽ.ജെ.പി നേതാവുമായ രാം വിലാസ് പാസ്വാൻ (74) അന്തരിച്ചു. ഹൃദയശസ്ത്രക്രിയക്ക് ശേഷം ഡൽഹിയിലെ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. അഞ്ച് ദശാബ്ദക്കാലമായി രാഷ്ട്രീയത്തിലുണ്ടായിരുന്ന അദ്ദേഹം ഇന്ത്യയിലെ അറിയപ്പെടുന്ന ദലിത് നേതാവ് കൂടിയാണ്.
ലോക് ജനശക്തി പാർട്ടി പ്രസിഡൻറായ പാസ്വാൻ എട്ട് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിൽ രാജ്യസഭ എം.പിയാണ്. സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി എം.എൽ.എയായി 1969ൽ ബിഹാർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിെൻറ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1974 ലോക് ദള്ളിലേക്ക് മാറിയ അദ്ദേഹം പാർട്ടി ജനറൽ സെക്രട്ടറിയാവുകയും അടിയന്തരാവസ്ഥക്കെതിരെ സമരം നയിക്കുകയും ചെയ്തു. 1977ലാണ് ആദ്യമായി ലോക്സഭയിലെത്തുന്നത്. ജനത പാർട്ടി അംഗമായി ഹാജിപൂർ മണ്ഡലത്തിൽ നിന്നായിരുന്നു ലോക്സഭ പ്രവേശനം. 1980, 1989, 1996, 1999, 2004, 2014 വർഷങ്ങളിൽ അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
2000ത്തിലാണ് അദ്ദേഹം ലോക് ജനശക്തി പാർട്ടി രൂപീകരിക്കുന്നത്. 2004ൽ യു.പി.എ പിന്തുണയിൽ ലോക്സഭയിലേക്ക് ജയിച്ചു കയറിയ അദ്ദേഹം കേന്ദ്രമന്ത്രിയായി. രാസവള, സ്റ്റീൽ വകുപ്പുകളുടേതായിരുന്നു ചുമതല. 2009ൽ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. എന്നാൽ 2014ൽ വീണ്ടും ഹാജിപൂർ മണ്ഡലത്തിൽ നിന്ന് ജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.