രാമക്ഷേത്രം വീണ്ടും വിഷയമാക്കുന്നു
text_fieldsന്യൂഡൽഹി: ഭരണരംഗത്തെ പിടിപ്പുകേടുകൾ സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യത്തെ തള്ളിവിട്ടതു മൂലം ഉണ്ടായിരിക്കുന്ന പ്രതിച്ഛായ നഷ്ടത്തിനിടയിൽ ബി.ജെ.പി ദേശീയതലത്തിലും യു.പിയിലും രാമക്ഷേത്ര നിർമാണം ഹിന്ദുത്വ അജണ്ടയായി വീണ്ടും ഉയർത്തിക്കൊണ്ടു വരുന്നു. ദീപാവലി പ്രമാണിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലെ താൽക്കാലിക ക്ഷേത്രം സന്ദർശിച്ചതും സരയൂ നദിക്കരയിൽ സംസ്ഥാന സർക്കാറിെൻറ മേൽനോട്ടത്തിൽ ദീപോത്സവം സംഘടിപ്പിച്ചതും ഇതിെൻറ ഭാഗമാണ്. വിശ്വഹിന്ദു പരിഷത്താകെട്ട, ക്ഷേത്രനിർമാണത്തിെൻറ പേരിലുള്ള കല്ലിറക്കലും കൊത്തുപണിയും വേഗത്തിലാക്കി. കോടതിയിലെ കേസ് തീരാതെ ക്ഷേത്രനിർമാണ പരിപാടി മുന്നോട്ടു നീക്കാൻ നിയമപരമായി സംഘ്പരിവാറിന് കഴിയില്ല. എന്നാൽ കേന്ദ്രവും സംസ്ഥാനവും ബി.ജെ.പി ഭരിക്കുന്ന ചുറ്റുപാട് ഉണ്ടായിട്ടും ക്ഷേത്രനിർമാണം നടക്കാത്തത് ഹിന്ദുത്വ ശക്തികളിൽ ഉണ്ടാക്കിയിരിക്കുന്ന വികാരം മറികടക്കുക കൂടിയാണ് പുതിയ നീക്കങ്ങളിലൂടെ നേതൃത്വം ചെയ്യുന്നത്.
പള്ളി പൊളിച്ച് താൽക്കാലിക ക്ഷേത്രം നിർമിച്ച സ്ഥലത്ത് അമ്പലം പണി നടത്താൻ കഴിയില്ലെന്നിരിക്കേ, സരയൂ നദിക്കരയിൽ കൂറ്റൻ ശ്രീരാമ പ്രതിമ സ്ഥാപിക്കാനുള്ള പദ്ധതി അണിയറയിൽ തയാറാകുന്നുണ്ട്. ക്ഷേത്രം പണി വൈകുന്നതു വഴിയുള്ള അമർഷം മറികടക്കാൻ ഇൗ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ. ദീപാവലിക്ക് യോഗി ആദിത്യനാഥിെൻറ നേതൃത്വത്തിൽ സരയൂ നദിക്കരയിൽ ദീപോത്സവം നടത്തിയത് ഇതുകൂടി കണക്കിലെടുത്താണ്. ക്ഷേത്രനിർമാണത്തിന് ഇറക്കിയ കല്ലുകൾ ഇൗ ആവശ്യത്തിനു കൂടി ഉപയോഗപ്പെടുത്താൻ കഴിയും. വി.എച്ച്.പി കല്ലിറക്കലിെൻറയും കൊത്തുപണികൾക്കു വേഗത കൂട്ടിയതിെൻറയും പശ്ചാത്തലം ഇതാണ്. പുറമെ, പണപ്പിരിവ് ഉൗർജിതപ്പെടുത്താനും പുതിയ നീക്കത്തിലൂടെ വി.എച്ച്.പിക്ക് സാധിക്കും.
നോട്ട് അസാധുവാക്കൽ, ധിറുതി പിടിച്ച് ജി.എസ്.ടി നടപ്പാക്കിയത് എന്നിവ ഉണ്ടാക്കിയ പ്രശ്നങ്ങൾ എന്നിവ മോദിസർക്കാറിനെ വല്ലാതെ അലട്ടുന്നുണ്ട്. കാറ്റ് മാറി വീശിത്തുടങ്ങിയെന്ന് വ്യാപാരികളും സാധാരണക്കാരുമൊക്കെ പറഞ്ഞുതുടങ്ങി. അടുത്ത തെരഞ്ഞെടുപ്പിൽ ജനം തിരിഞ്ഞു കുത്തുമെന്ന ആശങ്ക ബി.ജെ.പിയിൽ വളർന്നു. നേരത്തെ വാഗ്ദാനം നൽകിയതിനപ്പുറം, തൊഴിൽ കൊടുക്കാനോ കയറ്റുമതി വർധിപ്പിക്കാനോ വ്യവസായം വളർത്താനോ കള്ളപ്പണവും അഴിമതിയും നിയന്ത്രിക്കാനോ മോദിസർക്കാറിന് കഴിയുന്നില്ല. യു.പിയിലാകെട്ട, വികസന പ്രവർത്തനങ്ങൾക്കൊന്നും യോഗി ആദിത്യനാഥിെൻറ നേതൃത്വത്തിലുള്ള സർക്കാറിന് താൽപര്യമില്ല. ഗോരഖ്പുരിലെ ശിശുമരണങ്ങൾ മുതൽ, താജ്മഹലിനെതിരായ നീക്കങ്ങൾ വരെ യോഗിയെ പ്രശ്നക്കുരുക്കിലാക്കിയിട്ടുമുണ്ട്. ഇതിനെല്ലാമിടയിൽ ഹിന്ദുത്വ അജണ്ടയിൽ കേന്ദ്രീകരിച്ചാണ് യോഗിയുടെ മുന്നോട്ടുള്ള നീക്കം.
കോടതിയലക്ഷ്യ പ്രശ്നമുള്ളതിനാൽ മുഖ്യമന്ത്രി ക്ഷേത്രനിർമാണത്തെക്കുറിച്ച് ദീപാവലി വേളയിൽ ഒന്നും പറഞ്ഞില്ലെങ്കിലും, ലക്ഷ്യം അയോധ്യപ്രശ്നം ചർച്ചയിലേക്ക് കൊണ്ടുവരുകയാണ്. അയോധ്യയിൽ രണ്ടു ദിവസം മുഖ്യമന്ത്രി ചെലവിട്ടതും അതുകൊണ്ടാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.പിയിലെ പിന്തുണ നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ ബി.ജെ.പി കനത്ത തിരിച്ചടി ഏറ്റുവാങ്ങുമെന്നിരിക്കേ, അയോധ്യ ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ പ്രഭവകേന്ദ്രമാക്കി മാറ്റി വർഗീയ ധ്രുവീകരണ ശ്രമങ്ങൾ ത്വരിതപ്പെടുത്താനുള്ള നീക്കങ്ങളിലാണ് സംഘ്പരിവാർ. അടുത്ത ദീപാവലിക്കു മുമ്പ് പുതിയ രാമക്ഷേത്രം ഉയരുമെന്നാണ് രാമജന്മഭൂമി ന്യാസ് അധ്യക്ഷൻ നൃത്യഗോപാൽദാസ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്.
മാന്ദ്യത്തിെൻറ രൂക്ഷത വർധിക്കുന്നതിനിടയിൽ ഹിന്ദുത്വ വികാരമുണർത്താനുള്ള മോദി സർക്കാറിെൻറയും യോഗി സർക്കാറിെൻറയും ശ്രമങ്ങൾ വോട്ടർമാർക്കിടയിൽ എത്രത്തോളം ചെലവാകുമെന്ന പ്രശ്നം ഇതിനിടയിൽ ബാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.