തേജസ്വി സൂര്യയുടെ വർഗീയ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം; വിമർശനവുമായി രാമചന്ദ്ര ഗുഹയും
text_fieldsബംഗളൂരു: ബി.ജെ.പി എം.പി തേജസ്വി സൂര്യയുടേയും മറ്റ് നേതാക്കളുടേയും വർഗീയ പരാമർശങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം. ബംഗളൂരു നഗരത്തിൽ കോവിഡ് രോഗികൾക്ക് കിടക്ക നൽകുന്ന സംവിധാനത്തിനെതിരെയായിരുന്നു തേജസ്വി സൂര്യയുടേയും മറ്റ് നേതാക്കളുടെയും പരാമർശം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ ഉടൻ ഇടപെടണമെന്നാണ് ഉയരുന്ന ആവശ്യം.
ലോക്സഭ എം.പി തേജസ്വി സൂര്യ, എം.എൽ.എമാരായ രവി സുബ്രമണ്യ, സതിഷ് റെഡ്ഡി, ഉദയ് ഗരുഡാചർ എന്നിവരാണ് വർഗീയ പരാമർശം നടത്തിയത്. ബ്രുഹാത് ബംഗളൂരു മഹാനഗര പാലികയിലെ കോവിഡ് വാർ റൂമിൽ 205 ജീവനക്കാർക്കിടയിൽ എങ്ങനെ 17 മുസ്ലിംകൾ വന്നുവെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ വിവാദ പരാമർശം.
ബി.ജെ.പി നേതാക്കൾ ഇക്കാര്യം സ്വയം പറഞ്ഞതാണോ അതോ ആരുടെയെങ്കിലും നിർദേശ പ്രകാരമായിരുന്നോ പ്രസ്താവനയെന്ന് പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹ ചോദിച്ചു. മുഖ്യമന്ത്രി യെദിയൂരപ്പ, മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർ എത്രയും പെട്ടെന്ന് ഇടപ്പെട്ട് ഈ വിഷത്തെ ഇല്ലാതാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നമ്മുടെ എല്ലാവരുടേയും ഇപ്പോഴത്തെ ശ്രദ്ധ കോവിഡ് പ്രതിരോധത്തിൽ മാത്രമായിരിക്കണം. ബെഡുകളുടെയും ഓക്സിജേൻറയും ലഭ്യത ഉറപ്പ് വരുത്തുകയും രോഗികൾക്ക് ആവശ്യമായ സഹായം നൽകുകയും വേണം. കോവിഡ് മുൻനിര പോരാളികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരുവിലെ ചില സംഘടനകളും തേജസ്വി സൂര്യയുടെ നടപടിക്കെതിരെ രംഗത്തെത്തി. ബി.ജെ.പി നേതാക്കൾ അഴിമതി കണ്ടെത്തിയത് നല്ല കാര്യമാണെന്നും എന്നാൽ, ഇതിെൻറ പേരിൽ മുസ്ലിംകൾക്കെതിരെ നടത്തിയ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
കോവിഡിെൻറ രണ്ടാം തരംഗം തുടങ്ങിയതിന് ശേഷം വിവിധ ആവശ്യങ്ങളുമായി സർക്കാർ വളണ്ടിയർമാരെ സമീപിച്ചിരുന്നു. സാധ്യമായ സഹായങ്ങളെല്ലാം അവർ ചെയ്തു. സഹായം ചെയ്യുന്നതിൽ മുസ്ലിം യുവാക്കളും മുൻപന്തിയിലുണ്ടായിരുന്നു. തേജസ്വി സൂര്യയുടെ പ്രസ്താവന ദൗർഭാഗ്യകരമായി പോയെന്ന് നഗരത്തിലെ ഡോക്ടർമാരിലൊരാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.