രാമൻ ദൈവമല്ല, കഥാപാത്രം മാത്രമെന്ന് ബി.ജെ.പി സഖ്യകക്ഷി നേതാവ്
text_fieldsപട്ന: താൻ രാമനിൽ വിശ്വസിക്കുന്നില്ലെന്നും അതൊരു കഥാപാത്രമായിരുന്നുവെന്നും ബിഹാർ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി സഖ്യകക്ഷി നേതാവുമായ ജിതൻ റാം മാഞ്ചി. 'ഞാൻ രാമനിൽ വിശ്വസിക്കുന്നില്ല. രാമൻ ദൈവമായിരുന്നില്ല. തുളസീദാസും വാല്മീകിയും തങ്ങളുടെ സന്ദേശം പ്രചരിപ്പിക്കാൻ സൃഷ്ടിച്ച കഥാപാത്രമായിരുന്നു രാമൻ' -മാഞ്ചി വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടന ശിൽപി ബി.ആർ. അംബേദ്കറുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അവർ രാമായണം എഴുതി, അവരുടെ രചനകളിൽ ധാരാളം നല്ല പാഠങ്ങളുണ്ട്. നമ്മൾ അത് വിശ്വസിക്കുന്നു. നമ്മൾ രാമനെയല്ല, തുളസീദാസിലും വാല്മീകിയിലും വിശ്വസിക്കുന്നു' -മാഞ്ചി പറഞ്ഞു.
രാജ്യത്ത് നിലനിൽക്കുന്നു ജാതി വിവേചനത്തിനെതിരെയും മാഞ്ചി തുറന്നടിച്ചു. 'നിങ്ങൾ രാമനിൽ വിശ്വസിക്കുന്നുവെങ്കിൽ, ശബരി രുചിച്ച പഴം രാമൻ കഴിച്ചുവെന്നതാണ് നമ്മൾ എപ്പോഴും കേട്ടിട്ടുള്ള കഥ. ഞങ്ങൾ കടിക്കുന്ന പഴം നിങ്ങൾ ഭക്ഷിക്കില്ല, പക്ഷേ ഞങ്ങൾ തൊടുന്നത് എങ്കിലും നിങ്ങൾ കഴിക്കൂ. ഈ ലോകത്ത് രണ്ട് ജാതികളേയുള്ളൂ, ധനികനും ദരിദ്രനും' -മാഞ്ചി കൂട്ടിച്ചേർത്തു.
ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ ഭാഗമായ ഹിന്ദുസ്ഥാൻ അവാം മോർച്ചയുടെ (എച്ച്.എ.എം) അധ്യക്ഷനാണ് മാഞ്ചി. ബിഹാറിലെ നിതീഷ് കുമാർ - ബി.ജെ.പി മന്ത്രിസഭയിൽ മാഞ്ചിയുടെ മകൻ സന്തോഷ് മാഞ്ചി അംഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.