കുംഭമേളയിൽ പങ്കെടുത്തില്ല; ഹിന്ദു വോട്ടർമാർ രാഹുൽ ഗാന്ധിയെ ബഹിഷ്‌കരിക്കണമെന്ന് രാംദാസ് അത്താവാലെ
text_fieldsരാംദാസ് അത്താവലെ
മുംബൈ: മഹാകുംഭത്തിൽ പങ്കെടുക്കാതെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഹിന്ദു സമൂഹത്തെ അപമാനിച്ചെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. ഹിന്ദു വോട്ടർമാർ രാഹുലിനെ ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുഭമേളയിൽ പങ്കെടുക്കാത്തതിന് ഉദ്ധവ് താക്കറെയും മന്ത്രി വിമർശിച്ചു.
"മഹാ കുംഭത്തിൽ പങ്കെടുക്കാതെ താക്കറെയും ഗാന്ധി കുടുംബവും ഹിന്ദുത്വത്തെ അവഹേളിച്ചു. ഹിന്ദുവായിരുന്നിട്ട് മഹാകുംഭത്തിൽ പങ്കെടുക്കാത്തത് ഹിന്ദുക്കൾക്ക് അപമാനമാണ്, ഹിന്ദുക്കൾ അവരെ ബഹിഷ്‌കരിക്കണം" -രാംദാസ് അത്താവാലെ മാധ്യമങ്ങളോട് പറഞ്ഞു.
താക്കറെ എപ്പോഴും ഹിന്ദുത്വത്തെ കുറിച്ച് സംസാരിക്കും എന്നാൽ പ്രയാഗ് രാജിലെ കുംഭമേളയില്‍ പങ്കെടുക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും ജനവികാരം മാനിച്ച് അവർ മഹാകുംഭത്തിൽ പങ്കെടുക്കേണ്ടതായിരുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കുഭമേള ഒഴിവാക്കിയിട്ടും അവർക്ക് ഇപ്പോഴും ഹിന്ദു വോട്ടുകൾ വേണം. ഹിന്ദു വോട്ടർമാർ അവരെ ബഹിഷ്‌കരിക്കണമെന്നും അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ ഹിന്ദു വോട്ടർമാർ ഈ നേതാക്കളെ ഒരു പാഠം പഠിപ്പിച്ചെന്നും രാംദാസ് അത്താവാലെ കൂട്ടിച്ചേർത്തു.
പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ 45 ദിവസം നീണ്ടുനിന്ന മഹാകുംഭമേള മഹാശിവരാത്രി ദിവസമായ ഫെബ്രുവരി 26ന് സമാപിക്കും. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 65 കോടിയിലധികം ഭക്തർ കുംഭമേളയിലെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.