''അലോപതി വിഡ്ഢിത്തം, കോവിഡിൽ പൊലിഞ്ഞതിലേറെ മരണം ചികിത്സ തേടിയതിന്'- വിവാദ പരാമർശത്തിന് രാംദേവിന് വക്കീൽ നോട്ടീസ്
text_fields
ന്യൂഡൽഹി: രാജ്യത്ത് പിടിമുറുക്കിയ കൊറോണ വൈറസിന് ഇരായതിനെക്കാളേറെ രോഗം മാറാൻ അലോപതി മരുന്ന് കഴിച്ചാണ് ആളുകൾ മരിച്ചതെന്നും അലോപതി ചികിത്സ വിഡ്ഢിത്തമാണെന്നും പ്ര്യാപിച്ച യോഗഗുരു രാംദേവിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). മൂന്നര ലക്ഷം ഡോക്ടർമാർ അംഗങ്ങളായ ഐ.എം.എക്കു പുറമെ ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷനും വക്കീൽ നോട്ടീസ് നൽകിയിട്ടുണ്ട്.
പകർച്ചവ്യാധി നിയമപ്രകാരം രാംദേവിനെതിരെ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം ഐ.എം.എ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് രേഖാമൂലം മാപ്പപേക്ഷയും പ്രസ്താവന പിൻവലിക്കലും ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ച വിഡിയോയിലാണ് രാംദേവ് പ്രമുഖരെ സാക്ഷിനിർത്തി വിവാദ പരാമർശം നടത്തിയത്. അലോപതി മരുന്ന് കഴിച്ച് ലക്ഷക്കണക്കിന് പേർ മരിച്ചതായും വൈറസ് ബാധിച്ച് ചികിത്സ കിട്ടാതെയും ഓക്സിജൻ കിട്ടാതെയും മരിച്ചതിനെക്കാളേറെയാണിതെന്നും വിഡിയോയിൽ രാംദേവ് കുറ്റപ്പെടുത്തുന്നു. ആധുനിക വൈദ്യശാസ്ത്രം വിഡ്ഢിത്തവും മഹാദരിദ്രവുമാണെന്നും തുടർന്ന് പറയുന്നു.
വിഡിയോ കടുത്ത വിമർശനത്തിനിടയാക്കിയതോടെ ഇത് എഡിറ്റ് ചെയ്തതാണെന്നും സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റിയതാണെന്നും രാംദേവിെൻറ പതഞ്ജലി ഗ്രൂപ് വാർത്ത കുറിപ്പിൽ കുറ്റപ്പെടുത്തി. ശാസ്ത്രത്തിനെതിരെയോ ഡോക്ടർമാർക്കെതിരെയോ അദ്ദേഹത്തിന് തെറ്റിദ്ധാരണകളില്ലെന്നും വിശദീകരണം തുടരുന്നു. ''സ്വകാര്യ ചടങ്ങിൽ സ്വാമി തനിക്കു ലഭിച്ച ഒരു വാട്സാപ് സന്ദേശം വായിക്കുക മാത്രമായിരുന്നു. ആരോപിക്കപ്പെടുന്ന വിഷയങ്ങൾ തെറ്റാണ്. അലോപതി പുരോഗമന ശാസ്ത്രമാണ്. അലോപതിയും ആയുർവേദയും യോഗയും ചേർന്ന ചികിത്സയാണ് ആളുകൾക്ക് വേണ്ടതെന്ന് വിശ്വസിക്കുന്നു''- പതഞ്ജലി വിശദീകരണം ഇങ്ങനെ.
ഉപഭോക്തൃ ഉൽപന്നങ്ങളും ബദൽ ചികിത്സ മരുന്നുകളുമായി രാജ്യത്തെ വലിയ വ്യവസായമാണ് രാംദേവിെൻറ പതഞ്ജലി ഗ്രൂപ്. ഉത്തരാഖണ്ഡിലെ ഹരിദ്വാർ ആണ് കമ്പനി ആസ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.