പതഞ്ജലി ബ്രാൻഡിനു കീഴിൽ രാംദേവ് വിൽക്കുന്നത് വ്യാജ നെയ്യ് -ആരോപണവുമായി ബി.ജെ.പി എം.പി
text_fieldsലഖ്‌നോ: വിവാദ യോഗ ഗുരു ബാബാ രാംദേവിനെതിരെ കടുത്ത ആരോപണങ്ങളുമായി ബി.ജെ.പി എം.പി. പതഞ്ജലി ബ്രാൻഡിനു കീഴിൽ വ്യാജ നെയ്യാണ് രാംദേവ് വിൽക്കുന്നതെന്ന് ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽനിന്നുള്ള ബ്രിജ് ഭൂഷൺ ശരൺ സിങ് ആരോപിച്ചു. 'കപാല ഭാതി' യോഗയെ രാംദേവ് തെറ്റായ രീതിയിലാണ് പഠിപ്പിക്കുന്നതെന്നും എം.പി കുറ്റപ്പെടുത്തിയതായി വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തു.
ഉടൻ തന്നെ സന്ന്യാസിമാരുടെയും പൂജാരിമാരുടെയും യോഗം വിളിച്ചുചേർത്ത് പതഞ്ജലി മഹർഷിയുടെ പേരിൽ നടത്തുന്ന ചൂഷണം അവസാനിപ്പിക്കാൻ ആവശ്യപ്പെടും. രാംദേവിന്റെ അനുയായികൾ ഉൽപാദിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന വ്യാജ പാൽ ഉൽപന്നങ്ങൾക്കെതിരായ എന്റെ പ്രചാരണത്തിന് അവരുടെ അനുഗ്രഹം ഉറപ്പാക്കുമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.
അവശരായ കുട്ടികൾ അവശരായി ജനിച്ചവരാണ്. ആരോഗ്യമുള്ളവർ ആരോഗ്യത്തോടെ ജനിച്ചവരും. ആരോഗ്യം നിലനിർത്തണമെങ്കിൽ വൃത്തിയും ശുദ്ധമായ പാലും നെയ്യും വീട്ടിലുണ്ടാവേണ്ടത് അനിവാര്യമാണ്. മാർക്കറ്റിൽനിന്ന് നെയ്യ് വാങ്ങുന്നതിനു പകരം സ്വന്തം വീട്ടിൽ പശുവിനെ വളർത്തുകയാണ് വേണ്ടതെന്നും അദ്ദേഹം നിർദേശിച്ചു.
വ്യാജനെയ്യ് പരാമർശത്തിനെതിരെ രാംദേവ് തനിക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും എം.പി വെളിപ്പെടുത്തി. മാപ്പുപറയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ ഒരിക്കലും മാപ്പുപറയാൻ പോകുന്നില്ല. പറഞ്ഞതിൽ ഉറച്ചുനിൽക്കും. കപാൽ ഭാതി തെറ്റായ രീതിയിലാണ് രാംദേവ് പഠിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ രീതി പിന്തുടരുന്നവരുടെ ആരോഗ്യത്തെ അതു ബാധിക്കുന്നുണ്ടെന്നും ബ്രിജ് ഭൂഷൺ ശരൺ സിങ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.