'വസ്ത്രമൊന്നുമില്ലെങ്കിലും സ്ത്രീകൾ സുന്ദരികൾ'; വിവാദമായി ബാബ രാംദേവിന്‍റെ പ്രസ്താവന, പ്രതിഷേധം
text_fieldsന്യൂഡൽഹി: സ്ത്രീകളെ കുറിച്ച് മോശം പ്രസ്താവന നടത്തിയ യോഗ പ്രചാരകൻ ബാബ രാംദേവിനെതിരെ വിമർശനം. താനെയിലെ ഒരു യോഗ ക്യാമ്പിൽ പങ്കെടുക്കുന്നതിനിടെയാണ് രാംദേവ് സ്ത്രീകളെ അപമാനിക്കുന്ന വിധത്തിൽ പ്രസ്താവന നടത്തിയത്. 'സാരിയിലും സൽവാറിലും സ്ത്രീകളെ കാണാൻ സുന്ദരികളാണ്. എന്‍റെ കണ്ണിൽ ഇനിയൊന്നും ഉടുത്തില്ലെങ്കിലും സ്ത്രീകൾ സുന്ദരികളാണ്' എന്നായിരുന്നു പ്രസ്താവന. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ ഭാര്യ അമൃത ഫഡ്നാവിസ്, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകനും എം.പിയുമായ ശ്രീകാന്ത് ഷിൻഡെ എന്നിവർ പങ്കെടുത്ത പരിപാടിയിലാണ് വിവാദ പ്രസ്താവന.
രാംദേവിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര രംഗത്തെത്തി. 2011ൽ രാംലീല മൈതാനത്തുനിന്ന് സ്ത്രീകളുടെ വേഷത്തിൽ രക്ഷപ്പെടാൻ ശ്രമിക്കവേ രാംദേവിനെ പൊലീസ് പിടികൂടിയത് പരാമർശിച്ചു കൊണ്ടായിരുന്നു മൊയ്ത്രയുടെ ട്വീറ്റ്. 'സ്ത്രീകളുടെ വേഷം ധരിച്ചുകൊണ്ട് പതഞ്ജലി ബാബ രാംലീല മൈതാനത്തുനിന്ന് ഓടിയത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ അറിയാനാകുന്നുണ്ട്. സാരിയും സൽവാറും ഇഷ്ടമാണെന്നാണ് അദ്ദേഹം പറയുന്നത്. തലച്ചോറിലെ കോങ്കണ്ണ് കാരണം എല്ലാം തലകീഴായാണ് അദ്ദേഹം കാണുന്നത്' -മൊയ്ത്ര വിമർശിച്ചു.
ഡൽഹി വനിത കമീഷൻ സ്വാതി മലിവാൾ രാംദേവിനെ വിമർശിച്ച് രംഗത്തെത്തി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ ഭാര്യയുടെ മുന്നിൽവെച്ച് രാംദേവ് നടത്തിയ പ്രസ്താവന മോശവും അപലപനീയവുമാണ്. ഈ പ്രസ്താവന എല്ലാ സ്ത്രീകളെയും വേദനിപ്പിച്ചു. ബാബ രാദേവ് ജി ഇതിന് രാജ്യത്തോട് മാപ്പ് പറയണം' -സ്വാതി മലിവാൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.