രമേശ് ചെന്നിത്തലക്ക് സംശയമേതുമില്ല; എം.വി.എ ഭരണത്തിലേറും
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി (എം.വി.എ) പ്രതീക്ഷയിലാണ്. വിജയം ഉറപ്പാണെന്ന് മഹാരാഷ്ട്രയുടെ ചുമതലയുള്ള കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറയുന്നു. അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്:
എന്താണ് നിലവിലെ സാധ്യതകൾ?
കൃത്യമായ ഭൂരിപക്ഷത്തോടെ എം.വി.എക്ക് അധികാരത്തിൽ വരാൻ കഴിയും. 10 മാസമായി ഞാൻ ഇവിടെയുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ മികച്ച പ്രവർത്തനത്തിലൂടെ 48ൽ 31 സീറ്റുകൾ നേടി. ചുമതലയേറ്റപ്പോൾ ഇവിടത്തെ കോൺഗ്രസിന്റെ സ്ഥിതി മോശമായിരുന്നു. എല്ലാവരെയും യോജിപ്പിച്ച് ഒറ്റക്കെട്ടായി കൊണ്ടു
പോകാനായി. മുന്നണിയിലും അഭിപ്രായഭിന്നതകളില്ലാതെ യോജിപ്പിച്ച് കൊണ്ടുപോകാനാണ് ശ്രമിച്ചത്. ഹരിയാനയിലെ പരാജയം കണ്ണുതുറപ്പിച്ചു. മുന്നണിയിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു. പ്രശ്നങ്ങൾ ഉണ്ടായപ്പോഴൊക്കെ ശരദ് പവാറിനെയും ഉദ്ധവ് താക്കറെയും നേരിൽക്കണ്ട് സംസാരിച്ച് പരിഹാരമുണ്ടാക്കി. അതുകൊണ്ടുതന്നെ സർക്കാറുണ്ടാക്കാനുള്ള ഭൂരിപക്ഷം കിട്ടുമെന്ന് പൂർണ വിശ്വാസമുണ്ട്.
പ്രത്യയശാസ്ത്രത്തിലും മറ്റും എതിർദിശയിലുള്ള ശിവസേനയുമായുള്ള ബന്ധം?
മുമ്പ് ന്യൂനപക്ഷങ്ങളോട് വലിയ എതിർപ്പുണ്ടായിരുന്നവരാണ് ശിവസേന. ബി.ജെ.പിക്ക് എതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നൽകുന്നതുകൊണ്ട് ഉദ്ധവ് താക്കറെ ന്യൂനപക്ഷങ്ങൾക്ക് ഇന്ന് ഹീറോയാണ്. ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താനാണല്ലോ ഈ സഖ്യമുണ്ടാക്കിയത്. അതുകൊണ്ടുതന്നെ അത് ഫലപ്രദമായി കൊണ്ടുപോകാൻ കഴിയുന്നുണ്ട്.
മുഖ്യമന്ത്രി ഏത് പാർട്ടിയിൽ നിന്നാകും?
സാധാരണഗതിയിൽ തെരഞ്ഞെടുപ്പിന് ശേഷമാണ് കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. ഭൂരിപക്ഷം കിട്ടിയതിനുശേഷം എല്ലാവരും ആലോചിച്ച് തീരുമാനമെടുക്കും. വലിയ തർക്കങ്ങളില്ലാതെ തീരുമാനിക്കാനാകുമെന്നാണ് വിശ്വാസം.
എം.വി.എക്ക് ഭൂരിപക്ഷം തികയാതെവന്നാൽ അജിത്തിനെ സ്വീകരിക്കുമോ?
അജിത് പവാറിനെ തിരിച്ചെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. കൃത്യമായ ഭൂരിപക്ഷം കിട്ടുമെന്നു തന്നെയാണ് വിശ്വാസം. അജിത് പവാറിന് അധികകാലം മഹായുതിയിൽ നിൽക്കാനാകില്ല. ഹിന്ദുത്വ മുദ്രാവാക്യങ്ങളിൽ അടക്കം ബി.ജെ.പിയുമായി അഭിപ്രായ ഭിന്നതയുണ്ട്. അജിത് അവിടെ പൂർണമായും തഴയപ്പെടുന്നുണ്ട്.
ശിവസേനയെ ഉപയോഗിച്ച് വിദർഭ തിരിച്ചുപിടിക്കുകയാണോ?
അങ്ങനെയല്ല. വിദർഭ കോൺഗ്രസിന്റെ മേഖലയാണ്. കോൺഗ്രസ് ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നത് വിദർഭയിലാണ്. 62ൽ 40 സീറ്റുകളിൽ മത്സരിക്കുന്നു. ബി.ജെ.പിയുമായാണ് നേരിട്ടുള്ള പോരാട്ടം. ഇത്തവണ നല്ല മുന്നേറ്റമുണ്ടാക്കാൻ കഴിയും. ശിവസേനക്ക് അത്ര വേരോട്ടമുള്ള മേഖലയല്ല വിദർഭ. എങ്കിലും ഉദ്ധവ് പക്ഷവും എൻ.സി.പിയുമുള്ളത് കൂടുതൽ പ്രയോജനം ചെയ്യും.
തെരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെയുണ്ടായിരുന്നു?
പ്രിയങ്കയുടെ നാഗ്പുർ റോഡ്ഷോക്ക് വലിയ ജനക്കൂട്ടമെത്തി. പ്രിയങ്ക, രാഹുൽ ഗാന്ധി എന്നിവരുടെ യോഗങ്ങളിൽ ജനക്കൂട്ടമുണ്ടായിരുന്നു. അതേസമയം, നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും യോഗങ്ങളിൽ ആളില്ല. മണിപ്പൂരിന്റെ പേരിൽ നാല് യോഗങ്ങളാണ് ഞായറാഴ്ച അമിത് ഷാ റദ്ദാക്കിയത്. മോദിയുടെ വ്യക്തിപ്രഭാവം കൂറയുന്നതിന്റെ സൂചനകളാണിത്.
2019ലെ ബി.ജെ.പി-എൻ.സി.പി ചർച്ചയിൽ അദാനിയുടെ സാന്നിധ്യത്തെക്കുറിച്ച്?
അദാനിക്കുവേണ്ടിയാണ് മോദി ഭരണം നടത്തുന്നതെന്നാണ് കോൺഗ്രസ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അത് സത്യമാണെന്നതിന്റെ വെളിപ്പെടുത്തലാണ് അജിത് പവാർ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.