ബംഗളൂരു കഫേ സ്ഫോടനം: മുഖ്യപ്രതികൾ അറസ്റ്റിൽ
text_fieldsബംഗളൂരു: ബംഗളൂരു ബ്രൂക്ക് ഫീൽഡിലെ രാമേശ്വരം കഫേയിലുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതികളായ രണ്ടുപേർ കൂടി അറസ്റ്റിലായി. കർണാടക ശിവെമാഗ്ഗ തീർഥഹള്ളി സ്വദേശികളായ മുസവ്വിർ ഹുസൈൻ ഷസീബ് (30), അബ്ദുൽ മതീൻ അഹമ്മദ് താഹ (30) എന്നിവരെയാണ് പശ്ചിമ ബംഗാളിലെ പൂർബ മേദിനിപുർ ജില്ലയിലെ ദിഗയിൽനിന്ന് വെള്ളിയാഴ്ച രാവിലെ എൻ.ഐ.എ സംഘം അറസ്റ്റ് ചെയ്തത്. വ്യാജ വിലാസം നൽകി ദിഗയിലെ ഒരു ഹോട്ടലിൽ പ്രതികൾ ഏതാനും ദിവസമായി ഒളിച്ചുകഴിയുകയായിരുന്നുവെന്ന് പൂർബ മേദിനിപുർ പൊലീസ് പറഞ്ഞു.
കേന്ദ്ര ഇന്റലിജൻസിന്റെയും കേരള, കർണാടക, തെലങ്കാന, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളുടെയും പൊലീസുമായും ബംഗളൂരു സിറ്റി പൊലീസിലെ സെൻട്രൽ ക്രൈം ബ്രാഞ്ചുമായും (സി.സി.ബി) യോജിച്ചു പ്രവർത്തിച്ചാണ് അന്വേഷണം ഫലപ്രാപ്തിയിലെത്തിയതെന്ന് എൻ.ഐ.എ വൃത്തങ്ങൾ വ്യക്തമാക്കി. സ്ഫോടനം നടന്ന് 40 ദിവസത്തിന് ശേഷമാണ് പ്രതികൾ പിടിയിലായത്. പ്രതികൾക്ക് വ്യാജ സിം, ഫോൺ എന്നിവ സംഘടിപ്പിച്ചു നൽകിയ മുസമ്മിൽ ശരീഫ് (30) മാർച്ച് 27 ന് അറസ്റ്റിലായിരുന്നു. മാർച്ച് ഒന്നിന് നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസ് മാർച്ച് മൂന്നിന് എൻ.ഐ.എ ഏറ്റെടുത്തിരുന്നു. കേസിനായി 300 സി.സി.ടി.വി കാമറകളിൽനിന്നുള്ള ദൃശ്യം അന്വേഷണസംഘം ശേഖരിച്ചിരുന്നു. ബോംബ് സ്ഫോടനത്തിന് ഏതാനും ദിവസം മുമ്പ് മുഖ്യ സൂത്രധാരനായ താഹ ‘വിഘ്നേഷ്’, ‘സുമിത്’ എന്നീ പേരുകളിലും ബോംബ്വെച്ച ഷസീബ് ‘മുഹമ്മദ് ജുനൈദ് സെയ്ദ്’ എന്ന പേരിലും ലോഡ്ജിൽ കഴിഞ്ഞിരുന്നതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
ഇവരെ കുറിച്ച് വിവരം നൽകുന്നവർക്ക് എൻ.ഐ.എ 10 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.