സ്വയം തോൽപ്പിക്കുന്ന ‘ഇൻഡ്യ’യെ ജയിപ്പിക്കാൻ റാംപൂരിലെ മുസ്ലിംകൾ
text_fieldsഉത്തർപ്രദേശിൽ ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള, മുസ്ലിം വോട്ടർമാരുടെ പിന്തുണകൊണ്ടു മാത്രം ‘ഇൻഡ്യ’ക്ക് അനായാസം ജയിക്കാമായിരുന്ന റാംപുർ ലോക്സഭ മണ്ഡലം ബി.ജെ.പിക്ക് തളികയിൽ വെച്ചുകൊടുക്കുന്ന തരത്തിലായിരുന്നു സഖ്യത്തിലെ മൂന്ന് ഘടകകക്ഷികളുടെയും പ്രവർത്തനങ്ങൾ. ഉത്തർപ്രദേശിൽ ഏതു വിധേനയും ബി.ജെ.പിയുടെ ഒരു മണ്ഡലമെങ്കിലും കൂടുതൽ പിടിക്കാൻ ‘ഇൻഡ്യ’സഖ്യം പൊരിഞ്ഞ പോരാട്ടം നടത്തുമ്പോഴായിരുന്നു കൈയിൽ കിട്ടിയ മണ്ഡലം കൈവിട്ടുള്ള ‘ഇൻഡ്യ’ കക്ഷികളുടെ ഇക്കളി. സ്ഥാനാർഥിയും ‘ഇൻഡ്യ’ നേതാക്കളും പ്രവർത്തകരും വരുന്നതും കാത്തിരുന്നാൽ 2022ലേത് പോലെ ബി.ജെ.പി മണ്ഡലവും കൊണ്ടുപോകുമെന്ന് ഭയന്ന മുസ്ലിം സമുദായം സ്വന്തം നിലക്ക് ഇറങ്ങി വോട്ടർമാരെ ബൂത്തിലെത്തിച്ച് സ്വയം തോൽക്കാൻ തീരുമാനിച്ച ‘ഇൻഡ്യ’യെ ജയിപ്പിക്കാൻ നോക്കുന്ന കാഴ്ചക്കാണ് റാംപുർ വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചത്.
‘ഇൻഡ്യ’ നേതാക്കൾ മാറിനിന്ന് മണ്ഡലം ബി.ജെ.പിക്ക് വിട്ടുകൊടുക്കാൻ തീരുമാനിച്ചാലും 55 ശതമാനം വരുന്ന മുസ്ലിം സമുദായം ഒന്നടങ്കം മനസ്സുവെച്ചിറങ്ങിയാൽ ബി.ജെ.പിയെ തോൽപിക്കാൻ കഴിയുമെന്ന് കരുതി വെള്ളിയാഴ്ച സ്വന്തം നിലക്ക് മുസ്ലിം വോട്ടർമാർ രംഗത്തിറങ്ങുന്നതാണ് കണ്ടതെന്ന് റാംപൂരിലെ സാമൂഹിക പ്രവർത്തകനായ സിറാജുദ്ദീൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇൻഡ്യ കക്ഷികൾ ബൂത്തുകെട്ടാനോ സ്ലിപ് നൽകാനോ രംഗത്തില്ലെന്ന് കണ്ട് ഓരോ മുസ്ലിം വോട്ടറും കുടുംബത്തിലെയും അയൽപക്കത്തെയും വോട്ടർമാരെ സ്വന്തം റിസ്കിൽ ബൂത്തിലെത്തിക്കുകയായിരുന്നുവെന്ന് സിറാജുദ്ദീൻ തുടർന്നു. ഈ തെരഞ്ഞെടുപ്പ് രാജ്യത്തിനും തങ്ങൾക്കും നിർണായകമാണെന്ന് സാധാരണക്കാരനുപോലും മനസ്സിലായിട്ടും പാർട്ടി നേതാക്കളുടെ സ്വാർഥ താൽപര്യങ്ങൾക്ക് രാജ്യം വിലകൊടുക്കേണ്ടി വരുകയാണെന്ന് സിറാജുദ്ദീൻ കുറ്റപ്പെടുത്തി. ഒരു പള്ളി ഇമാമിനേക്കാൾ മഹ്മൂദ് പ്രാചയെ പോലെ ഒരു അഭിഭാഷകനാണ് ജയിക്കേണ്ടത് എന്ന് ആഗ്രഹിക്കുന്ന തന്നെ പോലുള്ളവർപോലും തങ്ങളിതു വരെ കേൾക്കാത്ത ഇമാമിന് വോട്ട് ചെയ്യിക്കാനിറങ്ങിയത് ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിക്കാനാണെന്നും സിറാജുദ്ദീൻ പറഞ്ഞു.
നിരവധി കേസുകളിൽ പ്രതിയാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജയിലിലടച്ച സമാജ്വാദി പാർട്ടിയുടെ മുസ്ലിം മുഖമായ അഅ്സം ഖാൻ താൻ ജയിലിലാണെങ്കിലും തന്റെ തട്ടകത്തിൽ മറ്റൊരു രാഷ്ട്രീയ നേതാവും വാഴരുതെന്ന് തീരുമാനിച്ചുറച്ചതോടെ തുടങ്ങിയതാണ് റാംപൂരിലെ കളി. താനില്ലാത്ത റാംപൂരിൽ അഖിലേഷ് യാദവ് അല്ലാത്ത ഒരാളും തനിക്ക് പകരമിറങ്ങരുതെന്ന പിടിവാശിയിലായ അഅ്സം ഖാൻ അതല്ലെങ്കിൽ താനും അനുയായികളും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ഭീഷണി മുഴക്കി. അതിന് തയാറാകാതെയാണ് അഖിലേഷ് ഏവരെയും അമ്പരപ്പിച്ച് മണ്ഡലത്തിൽ ആരുമറിയാത്ത ഡൽഹി പാർലമെന്റിനടുത്തുള്ള പള്ളിയിലെ ഇമാം മുഹീബുല്ല നദ്വിയെ പത്രികാ സമർപ്പണത്തിന്റെ അവസാന മണിക്കൂറിൽ സമാജ്വാദി പാർട്ടി സ്ഥാനാർഥിയാക്കി കെട്ടിയിറക്കിയത്. അന്നു തുടങ്ങിയ എസ്.പി, കോൺഗ്രസ്, ആപ് നേതാക്കളുടെയും പ്രവർത്തകരുടെയും പ്രതിഷേധത്തിന് തെരഞ്ഞെടുപ്പ് നാളെത്തിയിട്ടും ശമനമായില്ല.
ഇൻഡ്യ സഖ്യത്തിലെ കോൺഗ്രസും ആം ആദ്മി പാർട്ടിയും വോട്ടെടുപ്പിന്റെ തലേന്നും നിസ്സഹകരണം തുടർന്നതോടെ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ് മുഹീബുല്ല നദ്വി. അവസാന നിമിഷം സ്വന്തം പാർട്ടി കെട്ടിയിറക്കിയ സ്ഥാനാർഥിയായ മുഹീബുല്ല നദ്വിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാതെ സമാജ് വാദി പാർട്ടി നേതാക്കളും കേഡറുകളും ഒന്നടങ്കം വിട്ടുനിൽക്കുന്നതിനിടയിൽ ജയിലിലുള്ള അഅ്സം ഖാന്റെ പിന്തുണ അവകാശപ്പെട്ട് ബി.എസ്.പി സ്ഥാനാർഥി പ്രചാരണം തുടങ്ങി. ഇതിന് പുറമെയാണ് ആക്ടിവിസ്റ്റും സുപ്രീംകോടതി അഭിഭാഷകനുമായ മഹ്മൂദ് പ്രാച സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തുവന്ന് മുഹീബുല്ല നദ്വിക്ക് വീണ്ടും പാര പണിതത്. മുസ്ലിം വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കി പ്രാച പിടിക്കുന്ന ഓരോ വോട്ടും ബി.ജെ.പിക്കാണ് ഗുണകരമാകുക എന്ന് മുസ്ലിം വോട്ടർമാർ മനസ്സിലാക്കി. വിദ്വേഷ പ്രസംഗത്തിന് ക്രിമിനൽ കേസിൽ അറസ്റ്റിലാകാനിരിക്കുന്ന ബറേൽവി നേതാവ് തൗഖീറാസ മഹ്മൂദ് പ്രാചയെ കൊണ്ടുവന്നത് ബി.ജെ.പിയുടെ സമ്മർദപ്രകാരമാണെന്ന തോന്നലും റാംപൂരിലെ മുസ്ലിംകളിൽ പലരും പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.