ലണ്ടനിലേക്ക് പോകാനെത്തിയ റാണാ അയൂബിനെ മുംബൈ എയർപോർട്ടിൽ തടഞ്ഞു
text_fieldsന്യൂഡൽഹി: മാധ്യമപ്രവർത്തക റാണാ അയൂബിനെ മുംബൈ എയർപോർട്ടിൽ വെച്ച് അധികൃതർ തടഞ്ഞു. ചൊവ്വാഴ്ച ലണ്ടനിലേക്ക് പോകാനായി എത്തിയപ്പോഴാണ് അധികൃതർ തടഞ്ഞത്. ഇഡി അന്വേഷിക്കുന്ന സാമ്പത്തിക കുറ്റാരോപണത്തിന്‍റെ പേരിലാണ് റാണ അയൂബിനെ തടഞ്ഞതെന്നാണ് റിപ്പോർട്ട്.
കോവിഡ് 19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി റാണാ അയൂബ് വിദേശത്ത് നിന്നും പണം സ്വീകരിച്ചത് നടപടി ക്രമങ്ങൾ പാലിക്കാതെയാണെന്ന് ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഏപ്രിൽ ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് റാണയോട് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാലാണ് യാത്ര തടഞ്ഞെതെന്നാണ് വിശദീകരണം.
അന്താരാഷ്ട്ര ജേണലിസം ഫെസ്റ്റിവലിൽ മുഖ്യപ്രഭാഷണം നടത്താനായി ലണ്ടനിലേക്ക് പോകുകയായിരുന്നു റാണ അയൂബ്. താൻ പോകുകയാണെന്ന വിവരം സമൂഹ മാധ്യമങ്ങളിലൂടെ ആഴ്ചകൾക്ക് മുൻപുതന്നെ പങ്കുവെച്ചിരുന്നതായി റാണ ട്വീറ്റ് ചെയ്തു. എന്നാൽ എയർപോർട്ടിൽ എത്തിയതിനുശേഷം മാത്രമാണ് ഇഡി അധികൃതർ തന്‍റെ യാത്രയെക്കുറിച്ച് ചോദിച്ചറിയാൻ ശ്രമിച്ചതെന്നും റാണ കുറ്റപ്പെടുത്തി.
വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഇന്‍റർനാഷഷണൽ സെന്‍റർ ഫോർ ജേണലിസ്റ്റ്' ആണ് ലണ്ടനിലേക്ക് റാണയെ ക്ഷണിച്ചിരുന്നത്. പരിപാടിയിൽ സ്ത്രീകൾ നേരിടുന്ന ഓൺലൈൻ അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാനായിരുന്നു ക്ഷണം. താൻ നേരിട്ട് ഓൺലൈൻ അധിക്ഷേപങ്ങളെക്കുറിച്ചു വധഭീഷണികളെക്കുറിച്ചും റാണ നിരവധി വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.
ഹിന്ദു ഐ.ടി സെൽ എന്ന സംഘടന നൽകിയ പരാതിയിലാണ് 2021 സെപ്തംബറിൽ ഗായസിയാബാദ് പൊലീസ് റാണക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രൗഡ് ഫണ്ടിങ്ങിലൂടെ 2020-2021 കാലയളവിൽ രണ്ടരക്കോടിയോളം രൂപ റാണ അയൂബ് സമാഹരിച്ചു എന്നാണ് ഇഡിയുടെ ആരോപണം.
എന്നാൽ കെറ്റോ എന്ന സംഘടനക്കുവേണ്ടിയാണ് പണം സമാഹരിച്ചതെന്നും ഒരു പൈസ പോലും കണക്കിൽ പെടാതെ കൈപ്പറ്റിയിട്ടില്ലെന്നും റാണ അയൂബ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.