റാഞ്ചി ആക്രമണം; കുറ്റാരോപിതരുടെ പോസ്റ്ററുകൾ പുറത്ത് വിട്ടതിൽ പൊലീസിൽ നിന്നും വിശദീകരണം തേടി
text_fieldsറാഞ്ചി: പ്രവാചക നിന്ദക്കെതിരെ റാഞ്ചിയിൽ നടന്ന പ്രതിഷേധത്തിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെട്ടവരുടെ ഫോട്ടോകളും വിവരങ്ങളും അടങ്ങിയ പോസ്റ്ററുകൾ ഝാർഖണ്ഡ് പൊലീസ് പുറത്ത് വിട്ടതിന് പിന്നാലെ സംസ്ഥാന ആഭ്യന്തര പ്രിൻസിപ്പൾ സെക്രട്ടറി രാജീവ് അരുൺ എക്ക പൊലീസിനോട് വിശദീകരണം തേടി.
ചൊവ്വാഴ്ച പോസ്റ്ററുകൾ പതിപ്പിച്ചതിന് പിന്നാലെ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി തലസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് പൊലീസ് അവ നീക്കം ചെയ്തിരുന്നു. തെറ്റുകൾ തിരുത്തിയ ശേഷം പോസ്റ്ററുകൾ വീണ്ടും പുറത്തിറക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.
വ്യക്തികളുടെ വിവരങ്ങൾ ഇത്തരത്തിൽ പരസ്യമാക്കുന്നത് നിയമവിരുദ്ധമാണെന്ന് അലഹബാദ് ഹൈകോടതി 2020 മാർച്ച് ഒൻപതിന് പുറത്ത് വിട്ട വിധിയിൽ പറയുന്നുണ്ടെന്ന് ആഭ്യന്തര സെക്രട്ടറിയുടെ കത്തിൽ പറയുന്നു. വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കരുതെന്ന് കോടതി ഉത്തർപ്രദേശ് സർക്കാരിനോട് മുമ്പ് നിർദേശിച്ചതാണ്. അത് ഭരണഘടനയുടെ ആർട്ടിക്കിൾ 21 ന്റെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവ് നുപൂർ ശർമക്കെതിരെ റാഞ്ചിയിൽ നടന്ന പ്രതിഷേധത്തിനിടെ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന മുപ്പതോളം പേരുടെ പോസ്റ്ററുകളാണ് പൊലീസ് പുറത്തുവിട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 29 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ റാഞ്ചിയിലും മറ്റ് നഗരങ്ങളിലും പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.