റാഞ്ചി അക്രമം: വെടിവെപ്പിനെ ന്യായീകരിച്ച് പൊലീസ്
text_fieldsറാഞ്ചി: റാഞ്ചിയിൽ ജൂൺ 15 ഞായറാഴ്ച പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്ത പൊലീസ് നടപടിയിൽ വിശദീകരണവുമായി റാഞ്ചി ഡെപ്യൂട്ടി കമീഷണർ ഛവി രഞ്ജൻ. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനും പിരിച്ചുവിടാനുമുള്ള അവസാന ശ്രമമായാണ് വെടിയുതിർത്തതെന്ന് അദ്ദേഹം പറഞ്ഞു. വെടിവെക്കുന്നതിന് മുമ്പ് സ്വീകരിക്കേണ്ട നടപടി ക്രമങ്ങൾ കൃത്യമായി പാലിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. സാഹചര്യം ഗുരുതരമായമായപ്പോഴാണ് വെടിവെക്കാൻ ഉത്തരവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ബി.ജെ.പി നേതാവ് നൂപുർ ശർമ നടത്തിയ പ്രസ്താവനയിൽ റാഞ്ചിയിലുടനീളം വലിയ പ്രതിഷേധമാണ് വെള്ളിയാഴ്ച നടന്നത്. സമരം അക്രമാസക്തമായതോടെ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. പൊലീസുകർക്ക് നേരെ പ്രതിഷേധ സംഘം കല്ലെറിയാൻ തുടങ്ങിയതോടെ പൊലീസ് ആകാശത്തേക്ക് വെടിവെക്കുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. അക്രമത്തിൽ രണ്ട് പേരാണ് മരിച്ചത്.
തുടർന്ന് തലസ്ഥാന നഗരത്തിലെ പല പ്രദേശങ്ങളിലും റാഞ്ചി ഭരണകൂടം നിരോധനാജ്ഞ ഏർപ്പെടുത്തി. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ പ്രദേശത്ത് സുരക്ഷ സേനയെ വിന്യസിച്ചിട്ടുണ്ട്. റാഞ്ചിയിലെ അക്രമ സാഹചര്യം നിയന്ത്രണവിധേയമാണെന്നും അക്രമികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഡെപ്യൂട്ടി കമീഷണർ പറഞ്ഞു.
സമരങ്ങളിൽ പങ്കെടുത്ത പ്രമുഖരായ 26 പേർക്കെതിരെയും നൂറുകണക്കിന് അജ്ഞാതർക്കെതിരെയും കേസെടുത്തതായും പൊലീസ് അറിയിച്ചു. അക്രമത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെ വിവിധ പോസ്റ്റുകൾ എന്നിവ പൊലീസ് പരിശോധിച്ച് വരികയാണ്. പ്രദേശത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ജില്ലാ ഭരണകൂടം ഇളവ് വരുത്തി. ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ വാങ്ങുന്നതിന് ഉച്ചക്ക് ഒന്ന് മുതൽ അഞ്ച് വരെയാണ് ഇളവുകൾ അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.